എഡിറ്റര്‍
എഡിറ്റര്‍
ഇപ്പോഴത്തെ നിലയില്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് മാണിഗ്രൂപ്പും മുസ്‌ലീം ലീഗും
എഡിറ്റര്‍
Monday 5th November 2012 3:10pm

തിരുവനന്തപുരം: ഇപ്പോഴത്തെ നിലയില്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികളുടെ മുന്നറിയിപ്പ്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ ഇനി മുന്നണിയിലുണ്ടാവില്ലെന്ന്  മന്ത്രി കെ.എം മാണി അറിയിച്ചത്.

രാവിലെ 10.15ന് കോവളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഘടകകക്ഷികളുടെ മുന്നറിയിപ്പ്.

Ads By Google

യോഗം ആരംഭിച്ചയുടന്‍ നടന്ന പൊതുചര്‍ച്ചക്ക് തുടക്കമിട്ട കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, നയപരമായ കാര്യങ്ങള്‍ പലതും മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് കുറ്റപ്പെടുത്തി. പല വിവാദങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഈ രീതിയില്‍ മുന്നണിയുമായി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്ന് സി.എം.പി നേതാവ് എം.വി രാഘവനും തുറന്നടിച്ചു. പിന്നീട് പൊതുചര്‍ച്ച അവസാനിപ്പിച്ച് നേതാക്കള്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.

തങ്ങള്‍ മുന്നണി വിട്ട് പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കേണ്ടി വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയെ പല ഘട്ടത്തിലും ഒറ്റപ്പെടുത്തുന്നുവെന്ന പരാതിയും ലീഗ് ഉന്നയിച്ചു.

തുടര്‍ന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനായി ഘടകകക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നു. അരമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിന് ശേഷം രണ്ടരയോടെ മുന്നണിയോഗം പുനരാരംഭിച്ചു.

വിവാദ വിഷയങ്ങള്‍ മുന്നണിയെയും സംസ്ഥാന ഭരണത്തെയും പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിലാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യുഡിഎഫ് യോഗം ചേര്‍ന്നത്.

വിവാദ വിഷയങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതി ഘടക കക്ഷികള്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഹരിത എംഎല്‍എമാരായ വിഡി സതീശനും, ടി.എന്‍ പ്രതാപനും സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നടത്തിയപ്രസ്താവന യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്.

Advertisement