തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തുടരാന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധവും ,അധികാര ദുര്‍വിനിയോഗവുമാണെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍.

Ads By Google

ഈ കേസില്‍ നിയമോപദേശം അനുസരിച്ച് തുടരാന്വേഷണം സാധ്യമല്ലെന്നും, പ്രതിപക്ഷം വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം അപഹാസ്യകരമെന്ന് പ്രതിപക്ഷ എം.എല്‍.എമാരായ ശ്രീരാമകൃഷ്ണനും,വി.എസ് സുനില്‍കുമാറും അഭിപ്രായപ്പെട്ടു.

Subscribe Us:

നിയമസഭാ സമ്മേളനത്തില്‍ നിന്നും ഇറങ്ങിയപോയതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വിശദീകരിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശമനുസരിച്ച്  ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് 300 പ്രകാരം കുറ്റവിമുക്തനാക്കപ്പെട്ട ഒരാള്‍ക്കെതിരെ തുടരന്വേഷണം നടത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് അറിയിച്ചത്.

എന്നാല്‍ ഇത് മനപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോടതിക്കു മുമ്പില്‍ ട്രയലിനു വിധേയമാക്കപ്പെട്ട അക്വിറ്റ് ചെയ്യപ്പെട്ട പ്രതിക്കു മാത്രമേ സെക്ഷന്‍ 300 ന്റെ ആനുകൂല്യം ലഭ്യമാവുകയുള്ളുവെന്ന് ഹൈക്കോടതി നിരവധി കേസുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കുര്യന്‍ ഒരിക്കല്‍പോലും ട്രയലിനു വിധേയമാകുകയോ അക്വിറ്റ് ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പീഡന കേസുകളില്‍ ഇരയുടെ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് കേസെടുക്കേണ്ടതെന്ന സുപ്രിം കോടതിയുടെ നിര്‍ദേശവും, കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സും തള്ളി കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇത് നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തില്‍ നിയമസഭയെ തെറ്റധരിപ്പിക്കുന്നതിലൂടെ അഭ്യന്തരമന്ത്രി അവകാശ ലംഘനം നടത്തുകയാണ് ചെയ്യുന്നത്.

പെണ്‍കുട്ടിയും ധര്‍മരാജനും കുര്യനെതിരെ പറയുമ്പോഴും ഇതൊന്നും വകവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പത്ത് വര്‍ഷം അധികാരത്തിലിരുന്ന ഇടതുപക്ഷം ഈ കേസില്‍ യാതൊരു നടപടിയെടുക്കാനും തയ്യാറായിട്ടില്ലെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ചോദിക്കുന്നുണ്ട്.

എന്നാല്‍ സുപ്രിം കോടതിയിലിരിക്കുന്ന കേസില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനാകുമായിരുന്നില്ല. തങ്ങള്‍ ഈ കേസിനെ രാഷ്ട്രീയപ്രേരിതമായല്ല സമീപിക്കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ഹൈക്കോടതി വിധിയെ റദ്ദ് ചെയ്ത് സുപ്രിംകോടതി വിധിയിലൂടെ അന്നത്തെ സാഹചര്യമാണ് ഇല്ലാതായിരിക്കുന്നത്. മുപ്പത്തിയഞ്ച് പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുകയാണ് സുപ്രിംകോടതി ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷഎം.എല്‍.എമാര്‍ പറഞ്ഞു.

സ്ത്രീസുരക്ഷ ബില്ലിനെ കുറിച്ച് വാചകകസര്‍ത്ത് നടത്താന്‍ യുഡിഎഫിന് യാതൊരു അര്‍ഹതയുമില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയതെന്നും എം.എല്‍.എമാരായ ശ്രീരാമകൃഷ്ണനും ,വി.എസ് സുനില്‍കുമാറും വ്യക്തമാക്കി.