നിങ്ങളുടെ മരണ വാര്‍ത്ത നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാം!
TechD
നിങ്ങളുടെ മരണ വാര്‍ത്ത നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യാം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2012, 12:15 pm

രാവിലെ എണീറ്റാല്‍ ഉടനെ ഫെയ്‌സ്ബുക്കില്‍ കയറി ഗുഡ്‌മോര്‍ണിംഗ് പറഞ്ഞ് തുടങ്ങി രാത്രി ബെഡിലേക്ക് പോകും മുമ്പ് ഗുഡ്‌നൈറ്റ് പറഞ്ഞ് സൈന്‍ ഔട്ട് ചെയ്യുന്നവരാണല്ലോ മിക്കവരും. ഒരു ദിവസം ഫെയ്‌സ്ബുക്കില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ ടെന്‍ഷനടിച്ച് മരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചാല്‍ മരണ വാര്‍ത്ത സുഹൃത്തുക്കളെ അറിയിച്ചു കൊണ്ട് അവസാനമായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം!

അതെ, ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള വ്യക്തി മരിച്ചാല്‍ മരണവാര്‍ത്ത അറിയിച്ചു കൊണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റായി ടെക്‌സ്‌റ്റോ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഫെയ്‌സ്ബുക്കില്‍ ഉടന്‍ പ്രത്യക്ഷപ്പെടും. “ഞാന്‍ മരിച്ചാല്‍” (If I Die) എന്നാണ് ഈ സോഫ്റ്റ്‌വെയറിന്റെ പേര്. ഫെയ്‌സ്ബുക്കിനു വേണ്ടി ഒരു ഇസ്രയേല്‍ കമ്പനിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

“ഞാന്‍ മരിച്ചാല്‍” എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയേണ്ടേ? നിങ്ങള്‍ മരിച്ചാല്‍ പോസ്റ്റ് ചെയ്യേണ്ട നിങ്ങളുടെ അവസാന സന്ദേശം (ടെക്‌സ്‌റ്റോ വീഡിയോ ആകട്ടെ) If I Die ഉപയോഗിച്ച് തയ്യാറാക്കി വെക്കട്ടെ. ശേഷം, നിങ്ങളുടെ ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള മൂന്നു പേരെ ഈ സന്ദേശത്തിന്റെ ട്രസ്റ്റികളായി നിയമിക്കാന്‍ പ്രസ്തുത സോഫ്റ്റ്‌വെയര്‍ ആവശ്യപ്പെടും. ഇത്രമാത്രമേ പണിയുള്ളൂ. നിങ്ങള്‍ മരിച്ചു കഴിഞ്ഞ ശേഷം ട്രസ്റ്റികളായ മൂന്നു പേര്‍ വിവരം സത്യമാണെന്ന് സ്ഥിരീകരിക്കുമാത്രമെ വേണ്ടൂ, നിങ്ങള്‍ തയ്യാറാക്കി വെച്ച സന്ദേശം നിങ്ങളുടെ Wallല്‍ പ്രത്യക്ഷപ്പെടും.

ഈ പുതിയ ആപ്ലിക്കേഷന് ഇന്ന്‌വരെ ഫെയ്‌സ്ബുക്കില്‍ 5,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. തങ്ങളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത ഒരു വലിയ രഹസ്യമാകും മിക്കവരും അവസാന സന്ദേശത്തില്‍ വെളിപ്പെടുത്തുക എന്നാണ് ഇതിനെക്കുറിച്ച് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Malayalam News
Kerala News in English