tycoonകോഴിക്കോട്: ടൈക്കൂണ്‍ ഉടമകള്‍ 370 കോടിയുടെ തട്ടിപ്പ് നടത്തിയതായി പോലീസ്. തട്ടിപ്പു കേസില്‍ അറസ്റ്റിലായ രണ്ടു തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയില്‍ കൊണ്ട് വന്ന ഇവരെ ഇന്ന് ഇന്നു പയ്യോളി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ചെന്നൈ നിവാസികളായ ഗോപിനാഥ്, രവീന്ദ്രന്‍ എന്നിവരെയാണ് കൊട്ടിവാക്കത്തെ ടൈക്കൂണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നു വടകര ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി: പി.പി. സദാനന്ദനും സംഘവും പിടികൂടിയത്. കമ്പനിക്കെതിരെ പരാതികള്‍ പ്രവഹിക്കുമ്പോഴും ഓഫിസ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെ എത്തിയത്.

പിടിയിലായ ഇരുവരും ടൈക്കൂണിന്റെ തമിഴ്‌നാട്ടിലെ മുന്‍നിര ഏജന്റുമാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോപിനാഥിന്റെ കീഴില്‍ മാത്രം ഇരുപത്തിനാലായിരത്തോളം പേര്‍ ടൈക്കൂണില്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്തു മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ഇരുവരും പൊലീസിനെ വെട്ടിച്ചോടാന്‍ ശ്രമിച്ചിരുന്നു. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടിയ ഇവരെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. തുടര്‍ന്നു സമീപത്തുള്ള ചെത്‌പെട്ട് പൊലീസ് സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.