കണ്ണൂര്‍: ടൈക്കൂണ്‍ മണിച്ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടര്‍ കൃപാകരന്‍ അറസ്റ്റിലായി. പയ്യോളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ടൈക്കൂണ്‍ മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനി ഉടമകളായ രണ്ടുപേര്‍ കഴിഞ്ഞദിവസം ചെന്നൈയില്‍ അറസ്റ്റിലായിരുന്നു. തമിഴ്‌നാട് സ്വദേശികളായ കമല കണ്ണന്‍, സദാശിവം എന്നിവരാണ് അറസ്റ്റിലായത്.

400 കോടിരൂപയോളം വരുന്ന തട്ടിപ്പുകേസില്‍ പോലീസ് തിരയുന്ന പ്രധാന പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ സാധാരണക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച 9 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കമ്പനിയുടമകളെക്കുറിച്ച് വിവരം ലഭിച്ചത്.

വ്യാജ വിലാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും അക്കൗണ്ടുകള്‍ ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരുന്നു.