മലപ്പുറം: ‘ മതമില്ലാത്ത ജീവന്‍’ എന്ന വിവാദ പാഠം ഉള്‍പ്പെട്ട പുസ്തകം വിതരണം ചെയ്ത രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം മുണ്ടമ്പ്ര ജി.എം.യു.പി സ്‌കൂളിലെ അധ്യാപകരായ ബാബു, ശ്രീജ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പരിശോധനകൂടാതെ പുസ്തകം വിതരണം ചെയ്തതിനാണ് അധ്യാപകരെ സസ്‌പെന്റ് ചെയ്തത്.

Subscribe Us:

‘ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിന്റെ പേരില്‍ 2008ല്‍ വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ ഈ വര്‍ഷം മലപ്പുറം, പാലക്കാട് ജില്ലയിലെ ചില സ്‌കൂളുകളില്‍ വിതരണം ചെയ്തത് വിവാദമായിരുന്നു. മലപ്പുറം അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജി.എം.യു.പി സ്‌കൂളില്‍ പുസ്തകം വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിതരണം ചെയ്ത പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരിച്ചുവാങ്ങുകയായിരുന്നു.

2008ല്‍ പുറത്തിറങ്ങിയ ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിലാണ് ‘മതമില്ലാത്ത ജീവന്‍’ എന്ന അധ്യായം ഉള്‍പ്പെടുത്തിയിരുന്നത്. മതനിഷേധമായ ആശയങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്ന് ഈ പാഠഭാഗം ഏറെ വിവാദമാകുകയും നിരവധി സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ പിന്‍വലിക്കുകയും ചെയ്തതാണ്.