ഷൊര്‍ണൂര്‍:നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം നല്‍കിയ പാലക്കാട് ജില്ലയില്‍നിന്ന് രണ്ടുപേര്‍ മന്ത്രിമാരായേക്കും. പട്ടാമ്പിയില്‍നിന്നും ജയിച്ച സി.പി മുഹമ്മദ്, ചിറ്റൂരില്‍നിന്നു ജയിച്ച കെ. അച്യുതന്‍ എന്നിവര്‍ക്കാണ് സാധ്യത.

രാഹുല്‍ഗാന്ധിയുടെ നോമിനിയായി തൃത്താലയില്‍ വിജയിച്ച വി.ടി.ബല്‍റാമിനെയും പരിഗണിക്കുമെന്ന് സൂചനയുണ്ട്.

സി.പി മുഹമ്മദിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു പട്ടാമ്പിയില്‍ യു.ഡി.എഫിന്റെ വോട്ട് അഭ്യര്‍ത്ഥന. പല അസ്വാരസ്യങ്ങളുണ്ടായിട്ടും മുഹമ്മദിനെ പാര്‍ട്ടി കൈവിടാതിരുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിസ്‌നേഹം കൊണ്ടുമാത്രമാണ്.

സോഷ്യലിസ്റ്റ് ജനതയുടെ വെല്ലുവിളി അതിജീവിച്ച് ചിറ്റൂരില്‍ തുടര്‍ച്ചയായ നാലാംതവണയും വിജയിച്ച കെ.അച്യുതനെയും പാര്‍ട്ടിക്ക് തഴയാനാവില്ല.

രാഹുല്‍ഗാന്ധിയുടെ നോമിനിയായി മത്സരിച്ചു എന്നതുകൊണ്ടുതന്നെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി ബല്‍റാം ശ്രദ്ധിക്കപ്പെട്ടിരുന്നു.