മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെയും ലയനത്തിന് 11 അംഗ രാഷ്ട്രീയ ഉപദേശകസമിതിയുടെ അനുമതി. ഇരു പാര്‍ട്ടികളും ലയിക്കുമ്പോള്‍ കോണി ചിഹ്നം മാറില്ലെന്നും പാണക്കാട്ട് ചേര്‍ന്ന യോഗത്തില്‍ സമിതി അറിയിച്ചു. ലയനരേഖ തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കാന്‍ തീരുമാനിച്ചതായി പാണക്കാട് ചേര്‍ന്ന യോഗത്തിനു ശേഷം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ അറിയിച്ചു.

ദേശീയ തലത്തില്‍ ഒറ്റ പാര്‍ട്ടിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ നിലവില്‍ വരും. പാര്‍ട്ടിക്കു ദല്‍ഹിയില്‍ ഓഫീസ് തുറക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സമാനമനസ്‌കരായ പാര്‍ട്ടികളുമായി ബന്ധമുണ്ടാക്കുമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

Subscribe Us:

സംസ്ഥാന ലീഗ് അംഗമെന്ന നിലയില്‍ തിരഞെടുപ്പില്‍ മത്സരിച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയാണ്. ഇതു ചൂണ്ടിക്കാണിച്ച് ലീഗ് സ്ഥാപക പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരമകന്‍ ദാവൂദ് മിയാഖാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. ഇതുമൂലം പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചതോടെയാണ് ഇരുപാര്‍ട്ടികളും രേഖാമൂലം ഒന്നാകാന്‍ തീരുമാനിച്ചത്.

പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതിനായി നവംബര്‍ 26നു ദല്‍ഹിയില്‍ ഐ.യു.എം.എല്‍. ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണു 11 അംഗ രാഷ്ട്രീയ കാര്യ സമിതിയെയും ലയനം നടന്നാല്‍ ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാനായി അഞ്ചംഗ ഭരണഘടനാ സമിതിയേയും ചുമതലപ്പെടുത്തിയത്.

സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, മുസ്ലിംലീഗ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് മൗലാനാ ഖൗസര്‍ ഹയാത്ത്ഖാന്‍, തമിഴ്‌നാട് ജനറല്‍ സെക്രട്ടറി വി. ജീവഗിരിധര്‍, ഖുറം അനീസ് ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് നേതാക്കള്‍ പറഞ്ഞു.

Malayalam News
Kerala News in English