കൊല്ലം:ഇത്തവണ കൊല്ലംജില്ലയില്‍നിന്നു രണ്ടുമന്ത്രിമാര്‍. ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനംനല്‍കുമെന്നു യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

കഴിഞ്ഞ സര്‍ക്കാരില്‍ കൊല്ലംജില്ലയില്‍നിന്നു അഞ്ചുമന്ത്രിമാരുണ്ടായിരുന്നു. ചവറയില്‍നിന്നു വിജയിച്ച ആര്‍ എസ് പി-ബി സംസ്ഥാന സെക്രട്ടറി ഷിബുജോണിനും പത്തനാപുരത്തുനിന്നും വിജയിച്ച കേരളകോണ്‍ഗ്രസ്-ബിയിലെ കെ.ബി.ഗണേഷ്‌കുമാറുമാണ് മന്ത്രിമാരാകുന്നത്.ആര്‍ എസ് പി-ബി, കേരളകോണ്‍ഗ്രസ്-ബി പാര്‍ട്ടികള്‍ക്ക് നിയമസഭയില്‍ ഓരോ പ്രതിനിധി വീതമേയുള്ളു. ജില്ലയിലെ യുഡിഎഫ് പ്രതിനിധികള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമാണെന്നിരിക്കെ ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ രണ്ടുപേരും മന്ത്രിമാരാകുന്നത് മറ്റെരു പ്രത്യേകതയാണ്.
മുന്‍മന്ത്രിമാരായ ബേബിജോണിന്റെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും മക്കളാണ് ഇവര്‍. മാത്രവുമല്ല, 2001 ല്‍ ചെറിയൊരു കാലയളവിലാണെങ്കിലും മന്ത്രിപദം അലങ്കരിച്ചയാളാണ് ഗണേഷ്‌കുമാര്‍.