Categories

എസ്.ബാന്റ് വിവാദം: അന്വേഷണത്തിന് രണ്ടംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയ്ക്ക് എസ് ബാന്റ് സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പ്ലാനിങ്ങ് കമ്മീഷന്‍ മെമ്പര്‍ ബി.കെ ചതുര്‍വേദി സ്‌പെയ്‌സ് കമ്മീഷന്‍ മെമ്പര്‍ റൊഡാം നരസിംഹ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഐ.എസ്.ആര്‍.ഒയില്‍ എസ് ബാന്റ് സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായതായുള്ള സി.എ.ജി റിപ്പോര്‍ട്ടാണ് വിവാദമായത്. ഇതേ തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ആന്‍ട്രിക്‌സ്, ഐ,എസ്.ആര്‍.ഒ, സ്‌പെയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നടപടികള്‍ പരിശോധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള കരാറിലാണ് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്. ദേവാസിന് വേണ്ടി ഐ.എസ്.ആര്‍.ഒ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ളതാണ് 2005ലെ കരാര്‍.

എന്നാല്‍, കരാറിനുള്ളില്‍ ആരുമറിയാതെ ഒരു വന്‍ഉപഹാരം ദേവാസിന് ഐ.എസ്.ആര്‍.ഒ സമ്മാനിച്ചെന്നാണ് ആരോപണം. ഈ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകള്‍ വഴി പൊന്‍വിലയുള്ള എസ്ബാന്‍ഡിന്റെ 70 മെഗാഹെട്‌സ് സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് ഉപാധികളില്ലാതെ ഉപയോഗിക്കാനുള്ള അനുമതിയാണിത്. വിക്ഷേപണത്തിനു മുമ്പു 20 കോടി രൂപയും ശേഷം പാട്ടമായി 1,250 കോടി രൂപയും ദേവാസ് നല്‍കും. അതേസമയം, ദേവാസിന് 20 വര്‍ഷത്തേക്ക് കിട്ടിയിരിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ വിലയാവട്ടെ രണ്ട് ലക്ഷം കോടി രൂപയും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.