തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായ കൈയാങ്കളിയുടെ പേരില്‍ രണ്ട് എല്‍.എ.എമാര്‍ക്കെതിരെ നടപടിക്ക് സാധ്യത. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്ന വിഷയത്തില്‍ ആരോപണവിധേയരായ എല്‍.ഡി.എഫ് എല്‍.എ.എ മാരായ ടി.വി. രാജേഷ്, ജെയിംസ് മാത്യു എന്നിവര്‍ക്കെതിരെ കര്‍ക്കശമായ നടപടി വേണമെന്ന് നിലപാടിലാണ് യു.ഡി.എഫ് നേതൃത്വം. ഇരുവരെയും നടപ്പ് സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ അത് സഭയ്ക്കുതന്നെ അപമാനമാകുമെന്ന അഭിപ്രായമാണ് സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്കുള്ളത്.

അതേസമയം നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള യു.ഡി.എഫ് നീക്കം അനുവദിക്കാനാവില്ലെന്ന നിലപാടാണ് സി.പി.ഐ.എം സ്ംസ്ഥാന നേതൃത്വത്തിന്റെത്. ശനിയാഴ്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യു.ഡി.എഫ് നീക്കത്തെ എന്ത് വില കൊടുത്തും എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ തിങ്കളാഴ്ച വിളിച്ച ചേര്‍ത്ത യോഗത്തില്‍ ഈ നിലപാടാവും എല്‍.ഡി.എഫ് കൈക്കൊള്ളുക.

Subscribe Us:

വീഡിയോ ദൃശ്യങ്ങളില്‍ രാജേഷും ജെയിംസ് മാത്യുവും വനിതാ വാച്ച് ആന്റ് വാര്‍ഡായ രജനിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യം വ്യക്തമല്ലാത്തതിനാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷവാദം. എന്നാല്‍ സംഭവങ്ങളെ കൂട്ടിവായിച്ചേ കാണാന്‍ പറ്റൂവെന്ന് ഭരണപക്ഷം പറയുന്നു. മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലിറങ്ങിയതോടെ തന്നെ അച്ചടക്കലംഘനമായി. തുടര്‍ന്ന് അധ്യക്ഷപീഠത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നത് കൂറച്ചുകൂടി ഗൗരവമായ അച്ചടക്കലംഘനമാണ്. ഇതിനിടയില്‍ രാജേഷിന്റെ കൈ രജനിയുടെമേല്‍ പതിഞ്ഞെന്നാണ് ഭരണപക്ഷത്തിന്റെ വാദം. രാജേഷ് തന്നെ പിടിച്ചുതള്ളിയെന്ന് രജനിയുടെ മൊഴിയിലും പറയുന്നു.

സഭയിലെ സംഭവങ്ങളില്‍ യു.ഡി.എഫ് വാസ്തവവിരദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് എല്‍.ഡി.എഫ് നിലപാട്. ഭരണപക്ഷത്തെ എം.എല്‍.എമാരായ ടി.എം. ജേക്കബും തേറമ്പില്‍ രാമകൃഷ്ണനും ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സയിലാണ്. ഈ രണ്ടുപേരുടെ കുറവ് നികത്താനാണ് പതിപക്ഷത്തെ രണ്ടുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സസ്‌പെന്‍ഷന്‍ വരികയാണെങ്കില്‍ ഭരണപക്ഷത്തെ എണ്ണക്കുറവ് പരിഹരിക്കാനാണ് തങ്ങളുടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തതെന്ന പ്രചാരണം നടത്താനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

നടപടിയെന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല. തിങ്കളാഴ്ച പ്രതിപക്ഷ നേതാവുമായി സ്പീക്കര്‍ ഇക്കാര്യം സംസാരിക്കും. അതിന് ശേഷമായിരിക്കും തീരുമാനം. എം.എല്‍.എ മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഭരണപക്ഷത്തിന്റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെകൂടി നിലപാട് കണക്കിലെടുത്തായിരുക്കും സ്പീക്കര്‍ തീരുമാനം എടുക്കുക. ഇരുവര്‍ക്കുമെതിരെ സസ്‌പെന്‍ഷന്‍ ചുമത്തുകയാണെങ്കില്‍ ഒരു ദിവസത്തേക്കോ, നിശ്ചിത ദിവസങ്ങളിലേക്കോ, ഈ സമ്മേളന കാലാവധിയിലേക്കോ ആകാം. ശാസന, താക്കീത്, പുറത്താക്കല്‍ തുടങ്ങിയവയാണ് മറ്റ് ശിക്ഷാ നടപടികള്‍.