ന്യൂദല്‍ഹി: രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്കു റദ്ദാക്കി. നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചെറുതും വലുതുമായ 2,09,032 കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.

ഇതോടെ കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ക്കും വിലക്ക് വരും. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു.

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണ് കടുത്ത നടപടികളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയത്. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തുന്നവയെന്നു സംശയിക്കുന്ന കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.


Also Read: ‘പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല ദിലീപ് ജയിലിലായത്’; ആക്രമിക്കപ്പെട്ട നടിയെക്കാണാന്‍ എത്ര നടന്‍മാര്‍ എത്തിയെന്ന് ഡോ. എം.സുമിത്ര


പേരില്‍മാത്രം പ്രവര്‍ത്തിച്ചു ഹവാല പണമിടപാടും നിയമവിരുദ്ധ വിദേശനാണയ കൈമാറ്റവും നടത്തുന്ന കടലാസ് കമ്പനികള്‍ക്കെതിരെ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികള്‍ നിയമാനുസൃതമായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടി വരും.

അതിനുശേഷം മാത്രമെ ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ തുടരാനാകൂ. കമ്പനികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 248(5) അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കമ്പനികളുടെ രജിസ്‌ട്രേഷന്‍ എടുത്തുകളയാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതാണ് ഈ നിയമം.

രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വരെയാണ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കുള്ളത്.