ബാംഗ്ലൂര്‍: നിയമസഭയില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് പുറത്തായതിനെ തുടര്‍ന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിമാരായ സി.സി പട്ടേല്‍, ലക്ഷ്മണ വി. സവാദി, കൃഷ്ണ പാലിമാര്‍ എന്നിവരാണ് രാജിവെച്ചത്. മുഖ്യമന്ത്രി സദാനന്ദഗൗഡ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് മന്ത്രിമാര്‍ അറിയിച്ചു.

നിയമസഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ടി.വി ചാനലുകളുടെ ക്യാമറ സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോര്‍പ്പറേഷന്‍ മന്ത്രി ലക്ഷ്മണ വി. സവാദി സ്വന്തം മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് വനിതാ ശിശുക്ഷേമ മന്ത്രി സി.സി പാടീല്‍ ഒളിഞ്ഞുനോക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.

ഒരു പ്രദേശിക ചാനല്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തപ്പോള്‍ കര്‍ണാടകയിലെ തന്റെ നിയോജകമണ്ഡലമായ അതാനിയിലെ വൈദ്യുതി വിതരണം തടസപ്പെടുത്തി സവാദി ഈ ദൃശ്യങ്ങള്‍ ജനങ്ങള്‍ കാണുന്നത് തടഞ്ഞു. ‘ ഉഡുപ്പില്‍ അടുത്തിടെ ഒരാഘോഷത്തിനിടെ നാല് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങളാണ് താന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംഭവം സഭയുടെ ശ്രദ്ധയില്‍പ്പെടുത്താനും അത് ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു അത്. അശ്ലീലദൃശ്യങ്ങള്‍ കാണുന്ന ചീത്തമാനസികാവസ്ഥ എനിക്കില്ല’ സവാദി പറഞ്ഞു.

‘ ഇക്കാര്യം എന്റെ ഓഫീസ് സ്ഥിരീകരിക്കുകയും തെളിയിക്കുകയും ചെയ്യുന്നതുവരെ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. തെറ്റുചെയ്തത് മന്ത്രിമാരാണെങ്കില്‍ പോലും ആരും നിയമത്തിന് അതീതരല്ല. നിയമസഭാ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ പറഞ്ഞു.

Malayalam News

Kerala News in English