എഡിറ്റര്‍
എഡിറ്റര്‍
യെഡിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു
എഡിറ്റര്‍
Wednesday 23rd January 2013 12:13pm

ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി നേതാവുമായ ബി.എസ് യെഡിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ഊര്‍ജ മന്ത്രി ശോഭ കരന്തല്‍ജയും പൊതുമരാമത്ത് മന്ത്രി സി.എം ഉദാസിയുമാണ് രാജി വെച്ചത്.

Ads By Google

യെഡിയൂരപ്പയുമായി ഏറെ അടുപ്പമുള്ളവരാണ് ഇരുവരും. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാരുടെ വസതിയിലെത്തിയാണ് ഇരുവരും രാജിക്കത്ത് സമര്‍പ്പിച്ചത്.

തങ്ങളെ കൂടാതെ 15 ഓളം എം.എല്‍.എമാര്‍ ഇന്ന് തന്നെ നിയമസഭയില്‍ നിന്നും രാജിവെക്കുമെന്നും രാജി പ്രഖ്യാപിച്ച ശേഷം  ഉദൈസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിലവില്‍ 120 പേരുടെ പിന്തുണയാണ് നിയമസഭയില്‍ ബി.ജെ.പിയ്ക്കുള്ളത്. 14 എം.എല്‍.എമാര്‍ രാജിവെക്കുന്നതോടെ നിയമസഭയില്‍ ബി.ജെ.പി ന്യൂനപക്ഷമാകും. ഇതിനാല്‍ തന്നെ രാജി ഒഴിവാക്കാനുളള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.

യെഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേരുമെന്നാണ് അറിയുന്നത്. അടുത്തമാസം നടത്താനിരിക്കുന്ന സംസ്ഥാന ബജറ്റ് തടസ്സപ്പെടുത്താനുള്ള യെഡിയൂരപ്പയുടെ നീക്കത്തിന്റെ ഭാഗമാണ് മന്ത്രിമാരുടെ രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രണ്ട് ദിവസത്തെ പര്യടനത്തിനായി വടക്കന്‍ കര്‍ണാടകയിലേക്ക് തിരിച്ചിരിക്കുകയാണ്.

2012 നവംബറിലാണ് യെഡിയൂരപ്പ ബി.ജെ.പിയില്‍ നിന്ന് പിരിഞ്ഞ് കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചത്. 2011 ല്‍ ഖനി അഴിമതിയെ തുടര്‍ന്നാണ് യെഡിയൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്നത്.

Advertisement