എഡിറ്റര്‍
എഡിറ്റര്‍
രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ വടക്കന്‍ മാലിയില്‍ തട്ടിക്കൊണ്ട് പോയി
എഡിറ്റര്‍
Sunday 3rd November 2013 1:00am

journalist

ബമാക്കോ: രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ വടക്കന്‍ മാലിയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയി.റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണലിലെ ജീവനക്കാരായ ഇവര്‍ വടക്ക്കിഴക്കേ മാലിയിലുള്ള കിദാലില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്നു.

‘ആര്‍.എഫ്.ഐയിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയതായി അറിഞ്ഞിട്ടുണ്ട്’. മാലിയിലെ സുരക്ഷാസേന അറിയിച്ചു.

ഗിസ്‌ലെയ്ന്‍ ഡുപോണ്ട്, ക്ലോദ് വെര്‍ലോണ്‍ എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

‘രണ്ട് പേരും റിപ്പോര്‍ട്ടിങ്ങിലായിരുന്നു. കിദാലിലെ മാലിയന്‍ സോളിഡാരിറ്റി ബാങ്കുമായി ഇവര്‍ക്ക് അപ്പോയ്ന്റ്‌മെന്റ് ഉണ്ടായിരുന്നു. തോക്കുധാരികളായ അക്രമികള്‍ അവരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവര്‍ നഗരം വിട്ടു പോയി എന്നാണ് അറിയുന്നത്.’ സുരക്ഷാസേന അറിയിക്കുന്നു.

ബമാക്കോയ്ക്ക് 1500 കിലോമീറ്റര്‍ വടക്കുകിഴക്കായി അള്‍ജീരിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് കിദാല്‍ നഗരം. ടുവാരെഗ് വംശത്തിന്റെ സ്വദേശവും ടുവാരെഗ് നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ആസാവാദ്(എം.എന്‍.എല്‍.എ) എന്ന സംഘടനയുടെ ആസ്ഥാനവും കൂടിയാണിവിടം.

Advertisement