ഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ നിര്‍മ്മാണ സ്ഥലത്ത് വീണ്ടും അപകടം. 12 പേര്‍ക്ക് പരിക്കേറ്റു. കൊണാര്‍ട്ട് പ്ലെയ്‌സില്‍ നിന്നും ഗുഡ്ഗാവിലേക്കുള്ള പാതയുടെ സെയ്ദുള്ള ജബ് മേഖലയിലെ ഭൂഗര്‍ഭ നിര്‍മ്മാണ സ്ഥലത്താണ് അപകടം.

നിര്‍മാണപ്രവര്‍ത്തനത്തിനിടെ ഒരു ക്രെയ്ന്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇത് ഉയര്‍ത്താന്‍ രണ്ടാമതൊരു ക്രെയ്ന്‍ ശ്രമിക്കുമ്പോള്‍ ഇരു ക്രെയ്‌നുകളും മറിഞ്ഞു വീണു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സഫദര്‍ജഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഡല്‍ഹി മെട്രൊ റെയില്‍ അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി മെട്രൊ റെയിലിലുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി മെട്രൊ നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമം. വളരെ വേഗത്തിലാണു നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.