എഡിറ്റര്‍
എഡിറ്റര്‍
മണ്ണാര്‍ക്കാട് രണ്ട് എ.പി വിഭാഗം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു: ഒരാള്‍ക്ക് ഗുരുതര പരിക്ക്
എഡിറ്റര്‍
Thursday 21st November 2013 1:24am

stabbed

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് രണ്ടാള്‍ മരിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റ് കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42)  എന്നിവര്‍ മരിച്ചത്.

നൂറുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ചും കുഞ്ഞിഹംസ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ എ.പി വിഭാഗം പ്രവര്‍ത്തകരാണ്.

ഇവരുടെ മറ്റൊരു ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന് (54) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കല്ലാംകുഴി സെന്ററിലേക്ക് കാറില്‍ വരികയായിരുന്ന മൂവരെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ വിഘടിതരുടെ നേതൃത്വത്തിലുള്ള തണല്‍ എന്ന സംഘടനയുടെ പിരിവിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. പള്ളിയില്‍ പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് ഹംസ വിധി സമ്പാദിച്ചിരുന്നു.

ഇതിനെതിരെയുള്ള പ്രതിഷേധമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement