തിരുവനന്തപുരം: ആറ്റുകാല്‍ എം എസ് കെ നഗറില്‍ വീട്ടില്‍ രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു കുട്ടിയെ കാണാതായി. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്(16), ഡൊമിനിക്(9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശെല്‍വരാജിനെ കാണാതായിട്ടുണ്ട്.

രാവിലെയാണ് പോലീസിനും ഫയര്‍ഫോഴ്‌സിനും ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. വീടിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോള്‍ രണ്ട് കുട്ടികള്‍ മാരകമായി മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിന് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചിട്ടുമുണ്ടായിരുന്നു. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ആരോഗ്യം ശുഭറാണി ദമ്പദികളുടെ മകനാണ് കൊല്ലപ്പെട്ട ഡൊമിനിക്. നുറുക്ക് നിര്‍മ്മാണം നടത്തുന്ന ഇവരുടെ സഹായിയായിരുന്നു കാര്‍ത്തികും ശെല്‍വരാജും. ഡൊമിനികിന്റെ സഹോദരിയെ അടുത്ത വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം വീടിന് തീകൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

ശെല്‍വരാജിനെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡൊമിനികിന്റെ സഹോദരിയെ ചോദ്യം ചെയ്താല്‍ കൂടുകതല്‍ വിവരം ലഭ്യമാകുമെന്ന നിഗമനത്തിലാണ് പോലീസ്.