എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: രണ്ട് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു
എഡിറ്റര്‍
Saturday 15th March 2014 1:00pm

delhi-rape-case

ന്യൂദല്‍ഹി:  ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുകേഷ് സിംഗ് പവന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് സുപ്രീംകോടതി മാര്‍ച്ച് 31 വരെ സ്റ്റേ ചെയ്തിരിക്കുന്നത്.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതിനെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹരജിയിലാണ് വധശിക്ഷ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി.

മുകേഷ സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി നേരത്തെ ശരിവച്ചിരുന്നത്.

രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് പ്രതികളുടെ വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി പറയുകയും ചെയ്തിരുന്നു.

കേസിലെ അഞ്ചാം പ്രതിയും ബസ് െ്രെഡവറുമായിരുന്ന രാം സിങ്ങിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആറാംപ്രതിക്ക് സംഭവം നടക്കുന്ന സമയത്ത് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു ഓടുന്ന ബസില്‍ വെച്ച് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. അതീവ ഗുരുതര നിലയില്‍ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.

Advertisement