ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അമിത് ഷായുടെ പരിഹാസം തിരിഞ്ഞു കൊത്തുന്നു. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ ഗ്ലാസുകള്‍ നീക്കണമെന്നും ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ കാര്യങ്ങള്‍ കാണണമെന്നും ഇന്ന് അമേഠിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം സൂചിപ്പിച്ചായിരുന്നു ബി.ജെ.പി ദേശിയ അധ്യക്ഷന്റെ വ്യക്തിപരമായ പരിഹാസം.

എന്നാല്‍ അമിത് ഷായുടെ പ്രസ്താവന അധികം വൈകാതെ തന്നെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്ലാസുകളോട് പ്രേമമുള്ളത് രാഹുല്‍ ഗാന്ധിയ്ക്ക് അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുകയായിരുന്നു.


Also Read:  വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


പ്രധാനമന്ത്രി ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ‘ബോള്‍ഗറി’ ഗ്ലാസുകള്‍ വെച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. മോദി മറ്റൊരു ആഡംബര ബ്രാന്‍ഡായ ‘മൊവാഡോ’യുടെ വാച്ചാണ് ഉപയോഗിക്കുന്നതെന്നും ട്വീറ്റുകള്‍ പറയുന്നുണ്ട്. ആഡംബര പേന ബ്രാന്‍ഡായ ‘മോബ്ലാ’യോടുള്ള പ്രേമവും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് മുമ്പ് വാര്‍ത്തയായിരുന്നു.