എഡിറ്റര്‍
എഡിറ്റര്‍
ഇരട്ടക്കൊല: പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് പ്രതിപക്ഷം
എഡിറ്റര്‍
Tuesday 12th June 2012 10:22am

തിരുവനന്തപുരം: അഴീക്കോട് ഇരട്ടക്കൊലപാതക കേസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

എം.എല്‍.എ പി.കെ ബഷീറിന്റെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന് കോടിയേരി പറഞ്ഞു. പ്രതി ആഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സമീപം നിയമസഭയില്‍ ഇരിപ്പുണ്ട്. ബഷീറിനെ അറസ്റ്റ് ചെയ്യരുതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി സഭയില്‍ ആരോപിച്ചു.

ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഭീതിജനകമായ അന്തരീക്ഷമാണ് മലപ്പുറത്ത് രൂപപ്പെട്ടിട്ടുള്ളത്. പൈശാചികമായ ഈ കുറ്റകൃത്യത്തിനെതിരെ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ല. പ്രതിപ്പട്ടികയില്‍ ഏറനാട് എം.എല്‍.എയുള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരാണ്. തങ്ങള്‍ക്കെതിരെ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയയാളാണ് എം.എല്‍.എ. പി.കെ ബഷീറിന്റെ പ്രസംഗം വിശദീകരിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.

പി.കെ ബഷീറിനെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറോട് ആരെങ്കിലും അനുമതി ചോദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി സഭയില്‍ ആവശ്യപ്പെട്ടു. ഭരണകക്ഷികള്‍ക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറം ഇരട്ടക്കൊലക്കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 2009ല്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പി.കെ ബഷീറിന്റെ പ്രസംഗം വിവാദമായപ്പോള്‍ ദുര്‍ബലമായ വകുപ്പ് ചേര്‍ത്താണ് കേസെടുത്തതെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ തക്കതായ വകുപ്പ് ചേര്‍ത്ത് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി.കെ ബഷീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു.

Advertisement