മനില: ‘ഏഷ്യയിലെ നോബല്‍ സമ്മാനം’ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരത്തിന് രണ്ട് ഇന്ത്യക്കാര്‍ അര്‍ഹരായി. നീലിമ മിശ്ര, ഹരീഷ് ഹാണ്ടേ എന്നിവരാണ് മുന്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് റാമണ്‍ മഗ്‌സസെയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന മഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായത്.

മഹാരാഷ്ട്രയിലെ പാവപ്പെട്ടവരെ സഹായിക്കാനായി മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിലൂടെ നീലിമ മിശ്രയും സൗരോര്‍ജ്ജം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നതു സംബന്ധിച്ച് പഠനം നടത്തിയ എഞ്ചിനീയര്‍ ഹരീഷ് ഹാണ്ടേയുമാണ് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ പുരസ്‌കാര ജേതക്കള്‍. ഇവരെക്കൂടാതെ മറ്റു നാലുപേര്‍ക്കു കൂടി മഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ പാവങ്ങള്‍ക്കുകൂടി ഉപകാരപ്പെടുന്ന രീതിയില്‍ സാങ്കേതിക വിദ്യയെ വിനിയോഗിച്ചതിനാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. ഏഷ്യയിലുടനീളം മാറ്റങ്ങള്‍ വരുത്താന്‍ ഇവരുടെ ഈ കണ്ടെത്തലിന് കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും കമ്മിറ്റി വിലയിരുത്തി.

വൈദ്യുതിയില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കൊടുക്കാനും പാവപ്പെട്ടവര്‍ക്ക് സ്ഥിരവരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും വശങ്ങള്‍ പറഞ്ഞുകൊടുക്കാനും ഇവര്‍ക്ക് സാധിച്ചു.

ആഗസ്ത് 31 ന് മനിലയില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടത്തും.