അഡ്‌ലെയ്ഡ്: മൈക്കിള്‍ ക്ലാര്‍ക്കിന്റെ തുടര്‍ച്ചയായ രണ്ടാം ഇരട്ട സെഞ്ചുറിയുടെയും ഡേവിഡ് വാര്‍നര്‍, മൈക്ക് ഹസി എന്നിവരുടെ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്.

ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസ് ഒന്നാം ഇന്നിങിസില്‍ 482/5 എന്ന നിലയിലാണ്. 224 റണ്‍സോടെ ക്ലാര്‍ക്ക് ക്രീസിലുണ്ട്. 243 പന്തില്‍ 39 ഫോറും ഒരു സിക്‌സും ക്ലാര്‍ക്ക് നേടി. വാര്‍നര്‍ 119 റണ്‍സും ഹസി 103 റണ്‍സും നേടി പുറത്തായി. 112 പന്തില്‍ 16 ഫോറും നാലു സിക്‌സും വാര്‍നര്‍ നേടി.

Ads By Google

137 പന്തിലാണ് ഹസി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒന്‍പത് ഫോറും നാലു സിക്‌സും ഹസി നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. 21 ഓവര്‍ പന്തെറിഞ്ഞ താഹിര്‍ 7.57 ശരാശരയില്‍ 159 റണ്‍സ് വിട്ടുകൊടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണി മോര്‍ക്കല്‍, ജാക്ക് കാലിസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി. ഈ കലണ്ടര്‍ വര്‍ഷം ക്ലാര്‍ക്ക് നേടുന്ന നാലാമത്തെ ഇരട്ട സെഞ്ചുറിയാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ക്ലാര്‍ക്ക്.

ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ തന്നെ റിക്കി പോണ്ടിങ്, ഡോണ്‍ ബ്രാഡ്മാന്‍ എന്നിവരുടെ റെക്കോര്‍ഡാണ് ക്ലാര്‍ക്ക് മറികടന്നത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ ടെസ്റ്റിലും ക്ലാര്‍ക്ക് ഇരട്ട സെഞ്ചുറി നേടിയിരുന്നു.