പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പെഷവാറിലെ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ നൂറോളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.

മരിച്ചവരില്‍ രണ്ടുപേര്‍ മാധ്യമപ്രവര്‍ത്തകരാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ആദ്യത്തെ സ്‌ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകംതന്നെ അടുത്ത സ്‌ഫോടനമുണ്ടായി. ശക്തിയേറിയ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അല്‍ ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് സേന വധിച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങള്‍ നേരിടുകയാണ്. ലാദന്‍ കൊല്ലപ്പെട്ടതിനുശേഷമുണ്ടാകുന്ന ഏറ്റവുംവലിയ സ്‌ഫോടനമാണിത്.

വ്യാഴാഴ്ച തെക്കന്‍ വസീരിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.