പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 16 റണ്‍സിന്റെ വിജയം. പരമ്പരയിലെ ഏക ട്വന്റി-20 മത്സരത്തിലാണ് യുവനിര വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ കുതിപ്പവസാനിച്ചു.

തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും അവസാന ഓവറുകളില്‍ മധ്യനിര അവസരത്തിനൊത്തുയര്‍ന്നതോടെയാണ് ആറിന് 159 എന്ന മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. പാര്‍ഥിവ് പട്ടേല്‍ 26, കോലി 14, ബദരിനാഥ് 43, രോഹിത് ശര്‍മ്മ 26 എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ചലനങ്ങളുണ്ടാക്കിയത്.

അഞ്ചു റണ്‍സെടുത്ത ഷീഖര്‍ ധവാന്‍ സമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്ന് വന്ന പാര്‍ഥിവ് പട്ടേലും വിരാട് കൊഹ്‌ലിയും സമിക്കു മുന്നില്‍ മുട്ടുകുത്തി. ഒടുവില്‍ നായകന്‍ റെയ്‌നയും 2 സമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഡാരന്‍ സമി നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിത്. ഇന്ത്യന്‍ കൂട്ടത്തകര്‍ച്ചടുടെ അമരക്കാരന്‍ സമി തന്നെയായിരുന്നു.

ബദരീനാഥും 35, രോഹിത് ശര്‍മയും 26, ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ടു ബാറ്റിംഗ് നടത്തിയ പഠാനും( ആറ് പന്തില്‍ 15 റണ്‍സ്) ഹര്‍ഭജനും(ഏഴ് പന്തില്‍ 15 റണ്‍സ്) ചേര്‍ന്നാണ് സ്‌കോര്‍ 150 കടത്തിയത്.

16 പന്തില്‍ 34 റണ്‍സുമായി അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്രിസ്റ്റഫര്‍ ബാണ്‍വെല്ലും ഏഴു പന്തില്‍ 14 റണ്‍സെടുത്ത ഡാന്‍സ ഹയാത്തും ഇന്ത്യന്‍ കാമ്പിലും ആരാധകരിലും നെഞ്ചിടിപ്പ് കൂട്ടി. വിജയത്തിന് 16 റണ്‍സകലെയാണ് വിന്‍ഡീസ് പോരാട്ടം അവസാനിച്ചത്. വിന്‍ഡീസ് നിരയില്‍ 41 റണ്‍സെടുത്ത ബ്രാവോയും 27 റണ്‍സെടുത്ത സാമുവല്‍സും നല്ല പ്രകടനം കാഴ്ചവെച്ചു.