കൊളംബോ: ട്വന്റി- 20 ലോകകപ്പില്‍ ഇന്ന് പോരാട്ട മത്സരങ്ങള്‍. ഗ്രൂപ്പ് ഡിയില്‍ ബംഗ്ലാദേശും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളും ജയത്തിനായി പൊരുതേണ്ടി വരും. മുന്നോട്ട് പോകണമെങ്കില്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്.

രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാനും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും എതിരിടും. ബംഗ്ലാദേശ്- ന്യൂസിലാന്റ്‌ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല. കാരണം ഗ്രൂപ്പിലെ മറ്റൊരു ടീം ശക്തരായ പാക്കിസ്ഥാനാണ്.

Ads By Google

രണ്ടാം മത്സരം ഗ്രൂപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇംഗ്ലണ്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി എത്തുന്ന അഫ്ഗാനിസ്ഥാനും തമ്മിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ അഫ്ഗാന്‍ ടീം ഞെട്ടിച്ചിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്പിക്കുക എന്നത് അഫ്ഗാന് കടുകട്ടിയാണ്. അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് ഗ്രൂപ്പില്‍ സ്ഥാനം നിലനിര്‍ത്താനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. അങ്ങനെയെങ്കില്‍ അഫ്ഗാന്‍ പുറത്താകും.

കിവീസിന് ട്വന്റി-20 യില്‍ സാധ്യതയുണ്ടെങ്കിലും ബംഗ്ലാദേശിനെ എഴുതിത്തള്ളാന്‍ പറ്റില്ല. ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ ബംഗ്ലാദേശികളില്‍നിന്ന് അതു മനസിലാക്കിയതാണ്.

കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ്ങിനെ 159 റണ്‍സിലൊതുക്കുന്നതിലും അഫ്ഗാന്‍ ടീം വിജയിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വിജയലക്ഷ്യത്തിന് 23 റണ്‍സ് അകലെവച്ചാണ് കീഴടങ്ങിയത്.