എഡിറ്റര്‍
എഡിറ്റര്‍
ഇത് എന്റെ വിധി, ആരെയും പഴിക്കുന്നില്ല: അസ്ഹറുദ്ദീന്‍
എഡിറ്റര്‍
Friday 9th November 2012 9:38am

ന്യൂദല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

‘എനിയ്‌ക്കെതിയുണ്ടായ നടപടി എന്റെ വിധിയാണ്. അതില്‍ ഞാന്‍ ആരെയും പഴിക്കുന്നില്ല. ആരോടും പരാതിയോ പരിഭവമോ ഇല്ല. ഇത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. കോടതിയുടെ ഈ നിലപാടില്‍ ബോര്‍ഡിന്റെ പ്രതികരണം എങ്ങനെയാണെന്ന് എനിയ്ക്ക് അറിയില്ല.

Ads By Google

എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിന്റെയും ക്രിക്കറ്റ് താരങ്ങളുടെയും ഉന്നതിക്കായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.

ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ മനഃസാക്ഷിക്കു മുന്‍പില്‍ ഞാന്‍ തെറ്റുകാരനല്ലായിരുന്നു. കാരണം രാജ്യത്തെ പൂര്‍ണ സത്യസന്ധതയോടെ ഞാന്‍ പ്രതിനിധീകരിച്ചു. കേസ് വന്നപ്പോഴും ഒരാളെയും ഞാന്‍ കുറ്റപ്പെടുത്തിയില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തനാകാമെന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നു. ഇനി ക്രിക്കറ്റില്‍ സജീവമാകാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയൊന്നും ഇല്ല. എങ്കിലും അന്നും ഇന്നും എന്റെ ജീവിതം ക്രിക്കറ്റ് തന്നെയായിരുന്നു.

കിട്ടിയ വേദികളിലെല്ലാം കപില്‍ദേവ് എന്നെ പിന്താങ്ങി സംസാരിച്ചു. കൂടാതെ മുന്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് കമല്‍ മൊറാര്‍ക്കയുടെ പിന്തുണയ്ക്കും നന്ദി പറയുന്നു. പരേതനായ മുന്‍ ബോര്‍ഡ് പ്രസിഡന്റ് രാജ് സിങ് ദുംഗാര്‍പൂരിന് നന്ദി പറയുന്നു. കാരണം അത്രയേറെയാണ് അദ്ദേഹം നല്‍കിയ പിന്തുണ. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന ആരാധകര്‍ക്കും എന്റെ നന്ദി’- അസ്ഹര്‍ പറഞ്ഞു.

മത്സരഗതി നിയന്ത്രിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകന്‍ ഹാന്‍സി ക്രോണിയ കോഴ വാങ്ങിയെന്ന ദല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും അന്വേഷണം നടന്നത്. അസ്ഹറുദ്ദീനെയും അജയ് ശര്‍മയെയും ആജീവനാന്തം വിലക്കിയിരുന്നു. അജയ് ജഡേജ, മനോജ് പ്രഭാകര്‍, ടീം ഫിസിയോ അലി ഇറാനി എന്നിവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.

100-ാം ടെസ്റ്റിന് ഒരെണ്ണം മാത്രം ബാക്കി നിര്‍ത്തി ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ലോകത്തിലെ ഏക ക്രിക്കറ്റ് താരമാണ് അസ്ഹറുദ്ദീന്‍.  99 ടെസ്റ്റുകളില്‍ അദ്ദേഹത്തിന് വിടവാങ്ങേണ്ടി വന്നു. അരങ്ങേറ്റത്തിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലും ഓരോ സെഞ്ചുറിവീതം നേടി അസ്ഹര്‍ ക്രിക്കറ്റിന്റെ ഭാഗമാവുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയിലും അസ്ഹറിന്റെ സംഭാവന മറക്കാനാവില്ല. ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുകയും (174 മല്‍സരങ്ങള്‍) കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും (89 ജയങ്ങള്‍) ചെയ്ത ക്യാപ്റ്റന്‍ എന്ന ബഹുമതി ഇന്നും അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ. ഏറ്റവും കൂടുതല്‍ കാലയളവ് ഇന്ത്യന്‍ നായകനായ വ്യക്തിയും അസ്ഹറുദ്ദീനാണ്. രണ്ട് തവണയായി ഇന്ത്യയെ നയിക്കാന്‍ അസ്ഹറിന് ഭാഗ്യമുണ്ടായി.

ഏറ്റവും കൂടുതല്‍ ഏകദിന കിരീടങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ അസ്ഹറുദ്ദീനാണ്. അസ്ഹറിന്റെ നേതൃത്വത്തില്‍ ഇന്ത്യ പത്ത് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഏഷ്യാ കപ്പുകളും (1991, 1995), ഹീറോ കപ്പ് (1993), സിംഗര്‍ കപ്പ് (1994), വില്‍സ് ത്രിരാഷ്ട്ര സീരിസ് (1994), ഇന്‍ഡിപ്പെന്‍ഡന്‍സ് കപ്പ് (1998), കൊക്ക കോള കപ്പ് (1998), കൊക്ക കോള പരമ്പര (1998), സിംഗര്‍ അക്കായി കപ്പ് (1998), കൊക്ക കോള ചാമ്പ്യന്‍സ് കപ്പ് (1998) എന്നിവയാണ് അവ.

Advertisement