ടിവി കാണുകയെന്നത് ഒരു മോശം സ്വഭാവമല്ല, എന്നാല്‍ ദിസവം മുഴുവന്‍ ടിവിയ്ക്ക് മുന്നിലിരിക്കുന്നത് നല്ലതുമല്ല.

നാളിന്നേവരെ നടന്ന പഠനങ്ങളിലെല്ലാം കൂടുതല്‍ സമയം ടിവി കാണുന്നത് ശരീരത്തിനും മനസ്സിനും ഏറെ കുഴപ്പങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് എന്റര്‍ടൈന്‍മെന്റിനെന്ന പേരില്‍ നാം ചിലവാക്കുന്ന ഈ സയമം തന്നെ നമ്മുടെ സന്തോഷം ഇല്ലാതാക്കുമെന്നാണ് പറയുന്നത്.

കൂടുതല്‍ നേരം ടിവിയ്ക്ക് മുന്നിലിരിക്കുന്ന മനുഷ്യരില്‍ ക്ഷമയില്ലായ്മ, ദേഷ്യം, സാമൂഹിക സ്വഭാവത്തിന്റെ അഭാവം എന്നിവ കണ്ടുവരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് പ്രമേഹം ബാധിയ്ക്കാനും മരണം വേഗത്തില്‍ അടുത്തുവരാനും ടിവികാണല്‍ ഇടയാക്കുമെന്നാണ്.

ദിവസേന രണ്ടുമണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നവര്‍ക്കാണ് ഈ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത. ഭാവിയില്‍ ഇവര്‍ക്ക് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഡെന്‍മാര്‍ക്ക്, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇവരെ കാത്തിരിക്കുന്നത് അകാലമരണമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ടി.വി കാണല്‍ കുറച്ചാല്‍ ടൈപ്പ് രണ്ട് പ്രമേഹം, ഹൃദ്രോഗം എന്നിവയില്‍നിന്നും അകാലമരണത്തില്‍നിന്നും രക്ഷപ്പെടാമെന്നാണ് ഗവേഷണ സംഘത്തിന്റെ നേതാവായ ഫ്രാങ്ക് ഹു പറയുന്നത്.

കുറേ സമയം ടിവി കാണുന്നവരുടെ ശരീരഭാരം വര്‍ധിക്കുകയും അത് പ്രമേഹം ഉള്‍പ്പടെയുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. സ്ഥിരമായി ടി.വികാണുന്ന 1,75000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ഏറെനേരം ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നവര്‍ക്കും കംപ്യൂട്ടര്‍ ഗെയിംസുകളില്‍നേരം കളയുന്നവര്‍ക്കും ഇതേ അവസ്ഥതന്നെയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.