തിരുവന്തപുരം: നിയമസഭയില്‍ നടന്ന കയ്യാങ്കളിക്കിടെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന ആരോപണ വിധേയനായ ടി.വി.രാജേഷ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വീഡിയോ പരിശോധനയ്ക്കുശേഷം ജയിംസ് മാത്യുവിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട് ആരോപണത്തെ കുറിച്ച വിശദീകരിക്കുമ്പോഴാണ് രാജേഷ് പൊട്ടിക്കരഞ്ഞത്.

ഒരു കാര്യം മാത്രമേ പറയാനുള്ളൂ എന്ന ആമുഖത്തോടെ സംസാരിച്ച് തുടങ്ങിയ രാജേഷ് പെട്ടെന്ന് വികാരാധീരനായി പൊട്ടിക്കരയുകയായിരുന്നു. തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചവര്‍ തനിക്കൊരു കുടുംബമുണ്ടെന്നും ഭാര്യയും അച്ഛനും അമ്മയുമെല്ലാം ഉണ്ടെന്ന് ഓര്‍ക്കണമെന്നും പറയുന്നതിനിടെയാണ് വാക്കുകള്‍ മുഴിമിക്കാനാവാതെ ടി.വി.രാജേഷ് പൊട്ടിക്കരഞ്ഞത്. ആരോപണമുന്നയിച്ചത് പി.സി. ജോര്‍ജ്ജും കെ.സി ജോസഫുമാണെന്നും ഇരുവരും ഈ വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറാവാണമെന്നും പൊട്ടിക്കരച്ചിലിനിടയിലൂടെ രാജേഷ് പറഞ്ഞു. കരച്ചില്‍ തുടര്‍ന്ന രാജേഷിനെ പിന്നീട് പ്രതിപക്ഷനേതാക്കാള്‍ ആശ്വസിപ്പിച്ച് പിന്മാറ്റുകയായിരുന്നു.

രാജേഷിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ജയിംസ് മാത്യു വാച്ച് ആന്‍ഡ് വാര്‍ഡനെ മര്‍ദിച്ചുവെന്ന ആരോപണം ഭരണപക്ഷം തെളിയിക്കുകയാണെങ്കില്‍ നിയമസഭാംഗത്വം രാജിവെക്കാന്‍ തയാറാണെന്ന് പറഞ്ഞു. മറിച്ചാണെങ്കില്‍ രാജിവെച്ചൊഴിയാന്‍ ആരോപണമുന്നയിച്ച ഭരണപക്ഷമന്ത്രിമാര്‍ തയ്യാറാവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.