ബാംഗ്ലൂര്‍: ടി.വി മോഹന്‍ദാസ് പൈ പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഒ.ഒ) സ്ഥാനത്തെത്തിയേക്കുമെന്ന് സൂചന. നിലവില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും എച്ച്.ആര്‍ വിഭാഗം മേധാവിയുമാണ് മോഹന്‍ദാസ്.

എന്‍.ആര്‍ നാരായണമൂര്‍ത്തി ആഗസ്റ്റില്‍ വിരമിക്കുന്നതോടെ കമ്പനിയുടെ തലപ്പത്ത് വന്‍അഴിച്ചുപണിക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. എസ്.ഡി ഷിബുലാല്‍ ഇന്‍ഫോസിസിന്റെ പുതിയ സി.ഇ.ഒ ആയിവരുന്നതോടെ ഉണ്ടാകുന്ന ഒഴിവിലായിരിക്കും മോഹന്‍ദാസിന്റെ നിയമനം.

Subscribe Us:

അതിനിടെ ഇന്ത്യക്കാരനല്ലാത്ത ഉദ്യോഗസ്ഥന്‍ ഇന്‍ഫോസിസിന്റെ തലപ്പത്ത് എത്തിയേക്കുമെന്നും സൂചനയുണ്ട്്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു അധികാരകൈമാറ്റത്തിന് സാധ്യതയുണ്ടെന്ന് ബി.എന്‍.പി പാരിബസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ ഇന്‍ഫോസിസ് കണ്‍സല്‍ട്ടിംഗ് സി.ഇ.ഒ സ്റ്റീവ് പ്രാറ്റിനായിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. കമ്പനിയുടെ രൂപീകരണം മുതലുള്ള ചരിത്രമായിരിക്കും ഇന്ത്യക്കാരനല്ലാത്ത സി.ഇ.ഒ എത്തുന്നതോടെ തിരുത്തിക്കുറിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.