ന്യൂദല്‍ഹി: ഇന്ത്യാ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരോധനം ഏര്‍പ്പെടുത്തി. ക്രിക്കറ്റ് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാണ് ഐ.സി.സിയുടെ പുതിയ നീക്കം.

നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഈ-മെയില്‍ ഐ.സി.സി എല്ലാ ടെലിവിഷന്‍ ചാനലുകള്‍ക്കും അയച്ചിട്ടുണ്ട്. ഓരോ കളിയുടേയും ദൃശ്യങ്ങള്‍ കാണിക്കുന്നതിനുള്ള സമയപരിധി ലംഘിച്ചതിനാണ് നടപടിയെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബുധനാഴ്ച്ചത്തെ ഇന്ത്യാ-പാക് സെമി കാണാന്‍ മീഡിയക്ക് പ്രത്യേക പാസോ മറ്റ് സൗകര്യങ്ങളോ ഉണ്ടാകില്ല.

കളിക്കു മുമ്പും ശേഷവും നടക്കുന്ന ചടങ്ങുകളിലേക്കും ടി.വി ചാനലുകളെ കടത്തിവിടില്ല. അതിനിടെ ഐ.സി.സിയുടെ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വിവിധ ടി.വി ചാനലുകള്‍ ആരോപിച്ചു. ലോകകപ്പിലെ നിര്‍ണായക മല്‍സരങ്ങള്‍ക്ക് മുമ്പ് ഐ.സി.സിയുടെ ഭാഗത്തുനിന്നുമുണ്ടായ നടപടി ന്യായീകരിക്കാനാവില്ലെന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേര്‍സ് അസോസിയേഷന്‍ പറഞ്ഞു.