ഭൂമിയുടെ അവകാശികള്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ടി.വി ചന്ദ്രന്‍. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ടി.വി ചന്ദ്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Ads By Google

നേരത്തെ പുറത്തിറങ്ങിയ കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ വിമര്‍ശക പ്രശംസ നേടിയിരുന്നു. രണ്ട് ചിത്രങ്ങളും ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേരാണ് പുതിയ ചിത്രത്തിനുവേണ്ടി ടി.വി ചന്ദ്രന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് ബഷീറിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ തന്നെ പറയുന്നു. ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി താനെഴുതിയ മൂന്നാമത്തെ കഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തിച്ചേരുന്ന ഒരു യുവാവിന്റെ കഥയാണ് ഭൂമിയുടെ അവകാശികള്‍ പറയുന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ഭൂമി ഇയാള്‍ക്ക് പരമ്പരാഗത സ്വത്തായി ലഭിക്കുന്നു. എന്നാല്‍ ഈ ഭൂമിയുടെ അവകാശികള്‍ താന്‍ മാത്രമല്ലെന്ന് യുവാവ് മനസിലാക്കുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങളും പ്രാണികളും വരെ ഇതിനവകാശികളാണെന്ന് അദ്ദേഹം കണ്ടെത്തുന്നു.

ഓര്‍മകളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. കഥയ്ക്ക് നൊസ്റ്റാള്‍ജിക് ഫീല്‍ ലഭിക്കുന്നതിനായി എം.എസ് ബാബുരാജിന്റെ എട്ട് ഗാനങ്ങളും ടി.വി ചന്ദ്രന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഗാനം മുഴുവനായിട്ടില്ല. അതിലെ ഏറെ ശ്രദ്ധനേടിയ വരികളാണ് താന്‍ തിരഞ്ഞെടുത്തതെന്ന് ടി.വി ചന്ദ്രന്‍ പറഞ്ഞു.

സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഭൂമിയുടെ അവകാശികള്‍ക്കുണ്ട്. ബഷീര്‍, ബാബുരാജ് എന്നിവര്‍ക്കായാണ് ഈ ചിത്രം ടി.വി. ചന്ദ്രന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കൈലാഷാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൈലാഷിന്റെ അയല്‍ക്കാരിയായ സ്‌കൂള്‍ അധ്യാപികയുടെ വേഷത്തില്‍ മൈഥിലിയുമെത്തുന്നു. ശ്രീനിവാസന്‍, ശങ്കര്‍, മാമുക്കോയ, മീരനന്ദന്‍, ഉര്‍മിള ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.