ലണ്ടന്‍: മഞ്ഞളിന്റെ ഗുണങ്ങളെ പറ്റി പ്രായമുള്ളവര്‍ നമുക്ക് പറഞ്ഞുതരാറുണ്ട്. സൗന്ദര്യ വര്‍ധക വസ്തുവായാണ് നമ്മളില്‍ പലരും മഞ്ഞളിനെ കാണുന്നത്. എന്നാല്‍ നിറവും സൗന്ദര്യവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ക്യാന്‍സര്‍ തടയാനും മഞ്ഞളിന് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന രാസവസ്തുവിന് വന്‍കുടലിലെ ക്യാന്‍സര്‍ തടയാന്‍ സാധിക്കുമെന്നാണ് ലണ്ടനിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. കുര്‍കുമിന്‍ ക്യാന്‍സറിനെതിരെ സാധാരണയായി ഉപയോഗിക്കുന്ന വീര്യം കുറഞ്ഞ മറ്റൊരു മരുന്നുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചാല്‍ വന്‍കുടലിലെ ക്യാന്‍സര്‍ തടയാനാവും.

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തലിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇത് പരീക്ഷിക്കുകയും ചെയ്തു. ആശാവഹമായ ഫലമാണ് പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ചത്. ഉദരത്തിലുണ്ടാവുന്ന പഴക്കം ചെന്ന വ്രണങ്ങള്‍ ഉദരാശയ ക്യാന്‍സറിന് കാരണമാകുന്നു. കരളിലുണ്ടാകുന്ന വ്രണങ്ങള്‍ കരളിലെ ക്യാന്‍സറിലേക്കും നയിക്കും. ഇതിനൊക്കെ മറുമരുന്ന് എന്ന രീതിയില്‍ മഞ്ഞള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്ന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ഒരു മരുന്ന് നിര്‍മ്മിക്കുന്നതിന് മുമ്പ് കുറച്ചുകൂടി പരീക്ഷണങ്ങള്‍ ആവശ്യമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വീര്യം കുറഞ്ഞ മരുന്നുകളുമായി കുര്‍കുമിന്‍ കൂടിക്കലരുമ്പോള്‍ അത്തരം മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.