മുംബൈ: 97 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ടര്‍ക്കിഷ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരുക്കൊന്നുമില്ല.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അവര്‍ അറിയിച്ചു. ഇസ്ബുളില്‍ നിന്നും വരുന്ന ടികെ-720 എന്ന ടര്‍ക്കിഷ് ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. മുംബൈയിലെ ഛത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി തൊട്ടടുത്തുള്ള ചെളിയില്‍ പുതയുകയായിരുന്നെന്ന് ഐ.എ.എന്‍.എസ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.13നായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ചളിയില്‍ താണുപോയ വിമാനം പുറത്തെടുത്തശേഷമേ റണ്‍വേ തുറക്കുകയുള്ളൂ. വിമാനം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു.