ഇസ്താംബൂള്‍:  ഇസ്രയേലുമായുള്ള പ്രതിരോധ വ്യാപാരം തുര്‍ക്കി ഉപേക്ഷിച്ചു. അടുത്ത കാലത്ത് ഏര്‍പ്പെട്ട ആയുധ വ്യാപാര കരാറുകളടക്കം ഉപേക്ഷിച്ചതായാണ് വാര്‍ത്തകള്‍. ഗാസയിലേക്ക് സഹായവുമായി പോയ സഹായ കപ്പലിലെ എട്ടോളം തുര്‍ക്കി പൗരന്മാരെ ഇസ്രയേല്‍ കമാന്റോകള്‍ വധിച്ചതാണ് പ്രതിരോധ ബന്ധം ഉപേക്ഷിക്കാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

തുര്‍ക്കി പ്രധാനമന്ത്രി റെസെപ്പ് തയ്യിപ് എര്‍ഡോഗണാണ് തന്റെ രാജ്യം ഇസ്രയേലുമായി പ്രതിരോധ ബന്ധം ഉപേക്ഷിച്ച കാര്യം ഇന്നലെ വ്യക്തമാക്കിയത്. അതിര്‍ത്തികളില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ഇപ്പോള്‍ തല്‍ക്കാലം മുതിരുന്നില്ലെന്നാണ് തുര്‍ക്കി ധനമന്ത്രി പറഞ്ഞത്. ദുരിതാശ്വാസ സഹായമെത്തിക്കാന്‍ അയച്ച കപ്പലിലെ തുര്‍ക്കിഷ് പൗരന്മാരെ വധിച്ചതില്‍ ഇത്‌വരെ മാപ്പ് പറയാനോ ഖേദപ്രകടനം നടത്താനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല.

പശ്ചിമേഷ്യയിലെ ഈ സാഹചര്യം പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.