അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 289 ആയി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആയിരത്തിലധകം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്.

2400 ദുരിതാശ്വാസപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 680 ഡോക്ടര്‍മാരും 108 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനപരിശീലനം നേടിയ 12 നായ്ക്കളും സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഭൂകമ്പം വന്‍ നാശം വിതച്ച വാന്‍ മേഖല പ്രധാനമന്ത്രി റീസെപ് തയ്യിപ്പ് എര്‍ദോഗാന്‍ സന്ദര്‍ശിച്ചു.

ഇപ്പോള്‍ അതിശൈത്യം അനുഭവപ്പെടുന്ന തുര്‍ക്കിയില്‍ പതിനായിരങ്ങളാണ് തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 6 വരെ രേഖപ്പെടുത്തിയ ചലനങ്ങള്‍ ഉള്‍പ്പെടെ നൂറോളം തുടര്‍ചലനങ്ങള്‍ ഉണ്ടായി. തകര്‍ന്ന വീടുകളിലേക്ക് തിരിച്ചുപോകരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ എറിസ് ജില്ലയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ഭൂകമ്പമുണ്ടായത്.