അങ്കാറ: തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ എറിസ് ജില്ലയില്‍ ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 460 ആയി. പരിക്കേറ്റവരുടെ എണ്ണം 1,352 ആയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.

ഇന്നലെ വീണ്ടും പ്രദേശത്ത് തുടര്‍ചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6 വരെ രേഖപ്പെടുത്തിയ ചലനങ്ങള്‍ ഉള്‍പ്പെടെ നൂറോളം തുടര്‍ചലനങ്ങള്‍ ഇതുവരെ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തകര്‍ന്ന വീടുകളിലേക്ക് ഇനി തിരിച്ചു പോകരുതെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഭൂകമ്പത്തില്‍ തകര്‍ന്ന വാന്‍ പട്ടണത്തിലെ ജയലിലെ തടവുകാര്‍ ജയിലിനു തീവച്ചു. കത്തികള്‍ ഉപയോഗിച്ച് ഗാര്‍ഡുകളുമായി തടവുകാര്‍ ഏറ്റുമുട്ടുകയായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കിടെ ഇരുന്നൂറിലധികം തടവുകാര്‍ ജയിലില്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു.