കൊച്ചി: കേരളത്തിന് അനുവദിച്ച ആദ്യ നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ എറണാകുളം നിസാമുദീന്‍ തുരന്തോ എക്‌സ്പ്രസ് സര്‍വ്വീസ് തുടങ്ങി. കേന്ദ്രറെയില്‍വേ മന്ത്രി ഇ അഹമ്മദ് രാവിലെ 11 30ന് കൊച്ചിയില്‍ ഫഌഗ് ഓഫ് ചെയ്തു. 2009 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച തീവണ്ടികളെല്ലാം മാര്‍ച്ച് 31നകം ഓടിത്തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ചടങ്ങില്‍ പറഞ്ഞു.

കേരളത്തിന് പദ്ധതികള്‍ ഇല്ലെന്ന് ഇപ്പോള്‍ ആരൂം പരാതി പറയില്ല. ലഭിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കുമെന്നും ഇ അഹമ്മദ് പറഞ്ഞു.

17 കോച്ചുകളുള്ള തീവണ്ടിയില്‍ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിന്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11 30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് കൊങ്കണ്‍ വഴി വ്യാഴാഴ്ച രാത്രി 7.30ന് നിസാമുദീനില്‍ എത്തും. തിരിച്ച് ശനിയാഴ്ചകളില്‍ രാത്രി 9.35ന് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് 3.30ന് എറണാകുളത്തെത്തും.

ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി കെ.വി തോമസ് അധ്യക്ഷനായി. എം പിമാരായ പി രാജീവ്, ധനപാലന്‍ , ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.