തൂനിസ്: ഏകാധിപത്യ ഭരണകൂടത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ മറിച്ചിട്ട തുനീഷ്യയില്‍ ഇസ്ലാമിക ജനാധിപത്യം നടപ്പാക്കുമെന്ന് അന്നഹ്ദ പാര്‍ട്ടി വ്യക്തമാക്കി. റാഷിദ് ഗനൂശി നയിക്കുന്ന അന്നഹ്ദ പാര്‍ട്ടിയാണ് അടുത്തമാസം നടക്കുന്ന തിരഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ നയം വ്യക്തമാക്കിയത്.

50 പേജുള്ള പ്രകടന പത്രികയില്‍ സ്വേച്ഛാധിപത്യത്തിനു പകരം രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ ആധാരമാക്കിയുള്ള ജനാധിപത്യ വ്യവസ്ഥ നടപ്പാക്കുമെന്ന് പാര്‍ട്ടി പറയുന്നു. ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിക്കുകയാണ് അടുത്ത മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുഖ്യ ലക്ഷ്യം.

20 ശതമാനത്തിലേറെ വോട്ടുകള്‍ നേടി അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. അതേസമയം അന്നഹ്ദ മതസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും അനുവദിക്കില്ലെന്ന പ്രചാരണം നടക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം, മതസ്വാതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയവ പാര്‍ട്ടി പ്രകടനപത്രികയില്‍ എടുത്തുപറയുന്നതായി പാര്‍ട്ടി പ്രോഗ്രാം വിശദീകരിച്ച ഗനൂശി ചൂണ്ടിക്കാട്ടി. അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് വെട്ടിച്ചുരുക്കുമെന്നും മറ്റു ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ ഗനൂശി വ്യക്തമാക്കി.