Categories

പ്രജാപതി കേസും സി.ബി.ഐക്ക്; അമിത് ഷാ വീണ്ടും കുടുങ്ങിയേക്കും

തുളസീറാം പ്രജാപതിയുടെ പ്രേതം ഗുജറാത്ത് സര്‍ക്കാറിനെ വീണ്ടും കുരുക്കിലാക്കുന്നു. പോലീസുമായുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ തുളസീറാം പ്രജാപതി കൊല്ലപ്പെട്ടത് സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവാണ് ഗുജറാത്ത് സര്‍ക്കാറിനും പ്രത്യേകിച്ച് മുന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായ്ക്കും കനത്ത തിരിച്ചടിയായിരിക്കുന്നത്.

പ്രജാപതിയുടെ അമ്മ നര്‍മ്മദാ ബായ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവായത്. ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് മനസിലാക്കിയിരുന്ന ഗുജറാത്ത് സര്‍ക്കാര്‍ അത് തടയാനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രജാപതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം. ഇതു തന്നെയാണ് കേസന്വേഷിച്ച പോലീസ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

പ്രജാപതിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുന്നതിന് ഒരുമുഴം മുമ്പേ ഗുജറാത്ത് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. പ്രജാപതിയുടെ മരണത്തെക്കുറിച്ച് സംസ്ഥാന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഇനിയൊരന്വേഷണം വേണ്ടെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ പി.സദാശിവവും ബി.എസ് ചൗഹാനുമടങ്ങുന്ന ബെഞ്ച് ഇത് തള്ളുകയായിരുന്നു.

വെട്ടിലായി അമിത് ഷാ
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്-കൗസര്‍ബി ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവാളിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആഭ്യന്തരസഹമന്ത്രി സ്ഥാനം രാജിവെച്ച് അമിത് ഷായ്ക്ക് ജയിലില്‍പോകേണ്ടിവന്നിരുന്നു. ഏറെ നാളത്തെ കള്ളക്കളിക്കു ശേഷമായിരുന്നു അമിത് ഷാ സി.ബി.ഐക്കു മുമ്പാകെ കീഴടങ്ങിയത്. 2005ലായിരുന്നു സൊഹ്‌റാബുദ്ദീനേയും കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്.

ഈ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത് അമിത് ഷായുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന് പിന്നീട് വ്യക്തമായി. തുടക്കം മുതല്‍ തന്നെ കേസില്‍ ഇടപെടാനും വേണ്ട നീക്കങ്ങള്‍ നടത്താനും അമിത് ഷാ ശ്രദ്ധിച്ചിരുന്നു. കേസിലെ മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതും ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് ഗീതാ ജോഹരിയെ ഭീഷണിപ്പെടുത്തിയതും പിന്നീട് ഗീതാ ജോഹരി മറുകണ്ടം ചാടിയതുമെല്ലാം അമിത് ഷായുടെ ആസൂത്രിത നീക്കത്തിന്റെ ഫലമായിട്ടായിരുന്നു.

പ്രജാപതിയും സൊഹ്‌റാബുദ്ദീനും
മധ്യപ്രദേശിലെ നഗ്ഡ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു തുളസീറാം പ്രജാപതിയും സൊഹ്‌റാബുദ്ദീനും. ഇരുവരും അടുത്ത് പരിചയപ്പെടുകയും അത് ദൃഡമായ സുഹൃത്ബന്ധമായി വളരുകയുമായിരുന്നു. സൊഹ്‌റാബുദ്ദീനേയും കൗസര്‍ബിയെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് തുളസീറാം സാക്ഷിയായിരുന്നു.

കേസിലെ മറ്റ് സാക്ഷികളേയും പോലീസ് ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തി തങ്ങള്‍ക്കനുകൂലമാക്കാന്‍ അമിത് ഷാ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന പ്രജാപതിക്ക് സൊഹ്‌റാബുദ്ദീന്റെ അതേ വിധിയായിരുന്നു കാത്തുവെച്ചത്. മറ്റൊരു ആസൂത്രിതമായ ഏറ്റുമുട്ടലിലൂടെ പ്രജാപതിയെയും തീര്‍ത്തു.

പ്രജാപതി മരണം മുന്‍കൂട്ടി കണ്ടു

സൊഹ്‌റാബുദ്ദീന്‍ കേസിലെ മുഖ്യസാക്ഷിയായ തന്നെ ഇല്ലാതാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രജാപതിക്ക് അറിയാമായിരുന്നു. അറസ്റ്റിലായി ജയിലിലടച്ചപ്പോള്‍ മജിസ്‌ട്രേറ്റിന് പ്രജാപതി രണ്ടുതവണ കത്തയച്ചിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു രണ്ടുതവണയും കത്തയച്ചത്.

ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ 2006 മേയ് 18ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. സംസ്ഥാന പോലീസ് രാജസ്ഥാന്‍ പോലീസുമായി ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഒടുവില്‍ പ്രജാപതി ഭയപ്പെട്ടതുതന്നെ സംഭവിച്ചു. രാജസ്ഥാന്റെയും ഗുജറാത്തിന്റേയും അതിര്‍ത്തി പ്രദേശത്തുവെച്ച് പ്രജാപതി വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടു.

തുടര്‍ന്ന് പ്രശ്‌നം വിവാദമായതോടെ കണ്ണില്‍പൊടിയിടാനായി അമിത് ഷായുടെ ശ്രമം. പ്രജാപതിയുടെ മരണത്തെക്കുറിച്ച് ഗുജറാത്ത് സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണം പേരിനുമാത്രമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ നിര്‍ണായകമായ ഫോണ്‍ കോളുകള്‍ പരിശോധിക്കാനോ സി.ഐ.ഡി സംഘം തയ്യാറായില്ല.

എന്നാല്‍ സൊഹ്‌റാബുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇതിനകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വാഭാവികമായും അത് പ്രജാപതിയുടെ കൊലപാതകത്തിലേക്കും എത്തുമെന്ന് അമിത് ഷാ ഭയന്നിരുന്നു. തുടര്‍ന്ന് എടുപിടിയെന്നായി നീക്കങ്ങള്‍. കേസന്വേഷിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡി.ജി വന്‍സാരയെയും എസ്.പി വിപുല്‍ കുമാറിനേയും എം.എന്‍ ദിനേഷിനേയും ഗുജറാത്ത് പോലീസ് എസ്.പി രാജ്കുമാര്‍ പാണ്ഡ്യനേയും സി.ഐ.ഡി വിഭാഗം കസ്റ്റഡിയിലെടുത്തു.

ഇവരെ സി.ബി.ഐ ചോദ്യംചെയ്യുന്നത് തടയാന്‍ വേണ്ടിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഈ ഉദ്യോഗസ്ഥരെ വേണ്ടപോലെ ചോദ്യംചെയ്താല്‍ പല നിര്‍ണായകരേഖകളും പുറത്താകുമെന്നും പല തലകളും ഉരുളുമെന്നും അമിത് ഷായ്ക്ക് അറിയാമായിരുന്നു. എന്നാല്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതിനു മുമ്പേ അമിത് ഷാ ജയിലിലായി. എങ്കിലും ജയിലിന് പുറത്തുള്ള സ്വാധീനം ഉപയോഗിച്ച് ഷാ തന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു. നിലവില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയാണ് പ്രജാപതിയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധി.

One Response to “പ്രജാപതി കേസും സി.ബി.ഐക്ക്; അമിത് ഷാ വീണ്ടും കുടുങ്ങിയേക്കും”

  1. jamsheed

    എല്ലാവരെയും കൊല്ലുന്നതാണോ ഗുജറാത്തിന്റെ വികസനം…ഇത്രെയോകെ ചെയ്തിട്ടും ഈ വൃത്തി കേട്ട മന്ദ്രിമാരെ അനുകൂലിക്കാന്‍ ഒരുപാടു ജനങ്ങളും. അമിത് ഷാ മാത്രമല്ല മോഡിയും താമസിയാതെ കുടുങ്ങും. യഥാര്‍ത്ഥ തീവ്രവാദം തെളിയാന്‍ പോവുന്നത്തെ ഒള്ളൂ. BJP, RSS, NDF, VHP, ABHIBAV BHARATH, BAJRANGDHAL, SHIVASENA എല്ലാറ്റിനെയും നിരോധിക്കണം. സര്‍കാര്‍ ശക്തമായ തീരുമാനം എടുക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.