പാറ്റ്‌ന: സ്ത്രീകളുടെ പ്രജനനശേഷി ഇല്ലാതാക്കി ഡോക്ടര്‍മാര്‍ കോടികള്‍ തട്ടുന്ന വന്‍ അഴിമതി പുറത്തായി. ബീഹാറില്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം പണം  ലഭിക്കുന്നതിന് ഡോക്ടര്‍മാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

ചത്തീസ്ഗഢില്‍ നേരത്തെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സമസ്തിപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കുന്ദന്‍ കുമാറിന്റെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

12 മുതല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഈ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത്. ചുരുക്കം ചില പുരുഷന്‍മാരേയും ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട് കാണിക്കുന്നു. ഇത് അഴിമതിയുടെ മാത്രം കഥയല്ലെന്നും മറിച്ച് മെഡിക്കല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കുന്ദന്‍ കുമാര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് 3000ത്തിലധികം സ്ത്രീകളില്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ നടത്തിയാണ് ഇത് തെളിയിച്ചത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെ 16 നഴ്‌സിങ്ങ് ഹോമുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ബീഹാര്‍ നിയമസഭയിലും ഒച്ചപ്പാടിനിടയാക്കി.

16 നഴ്‌സിങ് ഹോമുകളില്‍ നിന്നായി 17 കോടിയുടെ ബില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലോംബാര്‍ഡ് പരാതി നല്‍കുകയായിരുന്നു. ഒരു ശസ്ത്രക്രിയയ്ക്ക് പതിനായിരം രൂപയാണ് ഇന്‍ഷുറന്‍സ് തുക. നിര്‍ബന്ധിച്ചാണ് പല ആശുപത്രികളിലും ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭാശയം നീക്കിയില്ലെങ്കില്‍ ഭാവിയില്‍ ക്യാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ ബാധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീകള്‍ അന്വേഷണകമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ഇതില്‍ ക്രമക്കേടൊന്നുമില്ലെന്നാണ് സംസ്ഥാനതൊഴില്‍ മന്ത്രി ജനാര്‍ദ്ദന്‍ സിങ് സിഗ്രിവാളിന്റെ നിലപാട്. വിഷയം നിയമസഭാകമ്മിറ്റി അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.