ചെന്നൈ: ചെന്നൈയില്‍ ജയ ടിവിയുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ ആഞ്ഞടിച്ച് എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍.

രാഷ്ട്രീയ അജണ്ട മാത്രമാണ് റെയ്ഡിന് പിന്നിലെന്ന് ദിനകരന്‍ പ്രതികരിച്ചു. ശശികലയേയും തന്റെ കുടുംബത്തേയും അവര്‍ ലക്ഷ്യംവെച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പ് റെയ്ഡ് കണ്ടൊന്നും തങ്ങള്‍ ഭയക്കില്ലെന്നും ദിനകരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും യോജിച്ചുകൊണ്ട് ശശികലയ്‌ക്കെതിരെ ഗൂഡാലോചന നടത്തുകയാണ്. ശശികലയും ഞാനും രാഷ്ട്രീയം വിടണം, അതാണ് അവരുടെ ആവശ്യം. അതിന് വേണ്ടിയാണ് ഇത്തരം റെയ്ഡുകളൊക്കെ നടത്തുന്നത്. അവര്‍ക്ക് തോന്നുന്നിടത്തൊക്കെ അവര്‍ റെയ്ഡ് നടത്തട്ടെ- ദിനകരന്‍ പറയുന്നു.

നോട്ട് നിരോധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. കള്ളപ്പണത്തെ ഇല്ലാതാക്കാനെന്ന് പറഞ്ഞാണ് കറന്‍സികള്‍ നിരോധിച്ചത്. ആരുടെ കള്ളപ്പണത്തെയാണ് അവര്‍ ലക്ഷ്യം വെച്ചത് എന്നാണ് ഇനി മനസിലാകാനുള്ളത്. എന്തുകൊണ്ടാണ് ഇ പളനിസ്വാമിയും ഒ. പനീര്‍ശര്‍വത്തിന്റേയും സ്ഥാപനങ്ങളിലും വസതികളിലും റെയ്ഡ് നടക്കാത്തതെന്നും ദിനകരന്‍ ചോദിച്ചു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയ ടി.വിയുടെ ഏകാട്ടുതംഗലിലെ ഓഫീസില്‍ പത്തുപേരടങ്ങിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

കുറച്ചുദിവസമായി ചാനലിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ജയലളിത തുടങ്ങിവെച്ച ചാനല്‍ ശശികലയുടെ കുടുംബമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല. വിവേക് നാരായണന്റെ വസതിയിലും ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.