വാഷിങ്ടണ്‍: പസഫിക് സമുദ്രത്തിലെ സമോവ ദ്വീപ് സമൂഹത്തില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 34 പേര്‍ മരിച്ചു. നിരവധി തീരദേശപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ട്. ആയിരക്കണക്കിനു പേര്‍ ഭവനരഹിതരായി. വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കരുതുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തിയ ഭൂചലനമാണ് സമോവയില്‍ ഇന്നലെ രാത്രി ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് 4.5 മീറ്റര്‍ ഉയരത്തിലുള്ള സൂനാമിയാണ് ഉണ്ടായത്. കരയിലേക്ക് എണ്ണൂറു മീറ്ററോളം കടല്‍ കയറി. സൂനാമിയെ തുടര്‍ന്ന് തീരദേശ ഗ്രാമങ്ങള്‍ പൂര്‍ണമായി നശിച്ചു.പ്രധാനദ്വീപായ ഉപോലുവിലും സുനാമി കനത്തനാശം വിതച്ചു. സമോവയില്‍ 44 പേരുടെ മൃതദേഹങ്ങളും അമേരിക്കന്‍ സമോവയില്‍ 60പേരുടെ മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഏപിയ, മനോനോ ദ്വീപുകള്‍ പകുതിയോളം വെള്ളത്തിനടിയിലാണ്.

സമോവക്ക് തെക്കുപടിഞ്ഞാറായി കടലില്‍ 85 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് തുടര്‍ ചലനങ്ങളും ശക്തമാണ്. റിക്ടര്‍ സ്‌കെയിലില്‍ 5.6 ഉം 5.8 ഉം രേഖപ്പെടുത്തിയ തുടര്‍ ചലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായതായി അധികൃതര്‍ പറഞ്ഞു.