ന്യൂദല്‍ഹി: ജപ്പാനെ പ്രകമ്പനം കൊള്ളിച്ച സുനാമി ഇന്ത്യന്‍ കാര്‍വിപണിയിലേക്കും കടക്കുന്നതായി റിപ്പോര്‍ട്ട്. കാര്‍ നിര്‍മ്മാണത്തിനായുള്ള അവശ്യവസ്തുക്കളുടെ കയറ്റുമതി നിന്നതോടെ ഇന്ത്യന്‍ കാര്‍ വിപണി സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്തിരുന്നത് ജപ്പാനില്‍ നിന്നായിരുന്നു. സുനാമിയെത്തുടര്‍ന്ന് വ്യാവസായിക, വാണിജ്യ, കാര്‍ഷിക കയറ്റുമതിയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. ഇതാണ് വാഹനവിപണിയിലും പ്രകടമാകുന്നത്.

വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തുക എന്നതാണ് കാര്‍ കമ്പനികളുടെ മുമ്പിലുള്ള ഒരു പോംവഴി. ടാറ്റ അടക്കമുള്ള പല കമ്പനികളും ഇതിനകം തന്നെ വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യസാധനങ്ങള്‍ എത്തിയില്ലെങ്കില്‍ കാര്‍നിര്‍മ്മാണം തന്നെ അവസാനിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വരുത്തിയ വര്‍ധനയും വിപണിയെ കാര്യമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. നിരക്ക് വര്‍ധിച്ചതോടെ ഭവന-വാഹന വായ്പാ നിരക്കുകളും കുതിക്കുമെന്ന് ഉറപ്പാണ്.