ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങളില്‍പ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരിയെ പുറത്താക്കി. ഗെയിംസിന്റെ ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അനധികൃതമായി കരാര്‍ നല്‍കിയെന്ന ആരോപണമായിരുന്നു ദര്‍ബാരി നേരിട്ടിരുന്നത്.

അഴിമതിയാരോപണം നേരിടുന്ന ദര്‍ബാരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രകായിക മന്ത്രാലയം സംഘാടകസമിതിക്ക് നിരവധി കത്തുകളയച്ചിരുന്നു. അതിനിടെ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വി കെ സക്‌സേനക്ക് കൈമാറുമെന്നും സൂചനയുണ്ട്. നേരത്തേ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജേര്‍ണയില്‍ സിംഗിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെയും നിയമിച്ചിട്ടുണ്ടായിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.