Categories

കടല്‍ക്കൊല: നാവികരെ ഇറ്റലിയില്‍ തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ്

Italian marines

ഇറ്റലി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ നിന്ന് ഉടന്‍ തന്നെ ഇറ്റലിയിലെത്തിക്കുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് ജ്യോര്‍ജിയോ നാപൊളിറ്റാനോ.

ഇറ്റാലിയന്‍ ആര്‍മി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നാവികരുടെ കാര്യത്തില്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

പ്രതികളായ നാവികരെ മടക്കി എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യയുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പ്രസിഡന്റ് നാപാളിറ്റാനോ പറഞ്ഞു.

ഇതിനായി നിരന്തരം ശ്രമിക്കുകയാണ്. കേസ് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ സാധ്യമായ നടപടി സ്വീകരിക്കുമെന്ന്  വിദേശകാര്യമന്ത്രി എമ്മ ബോണിനോയും പറഞ്ഞു.

പക്ഷേ, കേസിന്റെ വിശദാംശങ്ങളോ എങ്ങനെയാണ് നാവികരെ തിരിച്ച് നാട്ടിലെത്തിക്കുകയെന്നോ ഇരുവരും വെളിപ്പെടുത്തിയില്ല.

2012 ഫെബ്രുവരി 15നു കടലില്‍ മലയാളികളായ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും ഇപ്പോള്‍ ദല്‍ഹിയിലെ ഇറ്റലി എംബസിയില്‍ കഴിയുകയാണ്.

ഇന്ത്യയുടെ തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എംടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.

കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍ സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.