എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം തുടരും: ടി.പി രാമകൃഷ്ണന്‍
എഡിറ്റര്‍
Tuesday 22nd May 2012 4:41pm

കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂ എന്ന്  സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ .ആ ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചൈനയാത്ര സി.പി.ഐ.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടില്ല. തന്റെ ചൈനാ യാത്രയെക്കുറിച്ച് തീരുമാനിച്ചത്  പാര്‍ട്ടിയാണ്. ടി.പി.വധവുമായി ഇതിന് യാതൊരു ബന്ധവുമില്ല . പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്ക പരിഹരിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ നാട്ടിലില്ലായിരുന്ന പത്ത് ദിവസത്തെ കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചപ്പോഴാണ് കുലംകുത്തി പ്രയോഗം നടത്തിയത്. അതിനെ അങ്ങിനെ മാത്രം കണ്ടാല്‍ മതി. ഇന്ന് രാവിലെയാണ് രാമകൃഷ്ണന്‍ നെടുമ്പാശേരിയില്‍ എത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം അവധിയിലായിരുന്നു.

തന്റെ സന്ദര്‍ശനം മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചെന്നും മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദം മാത്രമേ ഇപ്പോള്‍ ഉള്ളുവെന്നും അദ്ദേഹം ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു.

ടി..പി. ചന്ദ്രശേഖരന്‍ വധത്തിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായിരിക്കെ ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ വധവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു താന്‍ സ്വന്തം നിലയ്ക്കു പറഞ്ഞതല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നപ്പോള്‍ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന പരാമര്‍ശിച്ചിരുന്നു.

Advertisement