നല്ല ഭംഗിയുള്ള മുടി എല്ലാവരുടേയും സ്വപ്‌നമാണ്. ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ആ ആഗ്രഹം ഇല്ലാതിരിക്കില്ല. അതിനുവേണ്ടി പണം ചിലവാക്കാനും മടിയില്ല. ഹെയര്‍ ഓയില്‍സും ഷാമ്പൂസും കളറിംങ്ങുംമൊക്കെയായി കുറേ പണം കളയും. എന്നാല്‍ മുടിക്ക് നിങ്ങള്‍ പ്രതീക്ഷിച്ച ഭംഗി കിട്ടുകയുംമില്ല.

ദിവസവും മുടി വൃത്തിയാക്കുകയാണ് മുടി ഭംഗിയായി സൂക്ഷിക്കാന്‍ പറ്റിയ മാര്‍ഗം. അതിനെവിടുന്നാ സമയം അല്ലേ. ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആണെങ്കില്‍ ശ്രമിക്കാമെന്നാവും മറുപടി. എന്നാല്‍ സമയം കളയാതെ തന്നെ മുടി സംരക്ഷിക്കാം. അത് തുടങ്ങേണ്ടത് നമ്മുടെ അടുക്കളയില്‍ നിന്നാണ്.

മുടി സംരക്ഷിക്കാന്‍ ചിലവുകുറഞ്ഞ ചില അടുക്കള മാര്‍ഗങ്ങളിതാ.

മുട്ട:രണ്ട് മുട്ടയെടുത്ത് ഒരു ടേബില്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. മുടി നല്ലവണ്ണം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. പത്ത് മുതല്‍ പതിനഞ്ച് മിനിറ്റുവരെ വച്ചശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

വാഴപ്പഴം:ഒരു വാഴപ്പഴം തൊലികളഞ്ഞ് മുട്ടയും, ഒരു സ്പൂണ്‍ തേനും, മൂന്ന് ടേബിള്‍ സ്പൂണ്‍ പാലും അഞ്ച് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നല്ലവണ്ണം കുഴമ്പ് രൂപത്തിലാക്കുക.ഇത് തലയില്‍ പുരട്ടിയശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

പാലും തേനും:ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു കപ്പ് പാലും കൂട്ടികലര്‍ത്തി തലയില്‍ പുരട്ടുക. പതിനഞ്ചുമിനിറ്റുകഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

ഒലിവ് മുട്ടിയും:ഒലിവ് ഓയിലും മുട്ടയും കൂട്ടിക്കലര്‍ത്തുക. പതയുള്ള ഈ മിശ്രിതം മുടയില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയുക.