എഡിറ്റര്‍
എഡിറ്റര്‍
‘ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ ഓഫീസിനു നേരെ സി.പി.ഐ.എം ആക്രമണം’; ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കും റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തകള്‍ക്കും പിന്നിലെ സത്യമെന്ത്?
എഡിറ്റര്‍
Monday 8th May 2017 5:18pm

തിരുവനന്തപുരം: ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ ഓഫീസിനെതിരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന വ്യാജ പ്രചരണവുമായി ബി.ജെ.പിയും ബി.ജെ.പിയുടെ നാവായി മാറി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയും.

യാതൊരു വസ്തുതയുടേയും അടിസ്ഥാനവുമില്ലാതെയായിരുന്നു റിപ്പബ്ലിക് ചാനല്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായെന്നും അദ്ദേഹത്തിന്റെ കാര്‍ തല്ലി തകര്‍ത്തെന്നും വാര്‍ത്ത നല്‍കിയത്. എന്നാല്‍ പൊലീസ് പറയുന്നത് ആക്രമണമുണ്ടായത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസിനു തൊട്ടു മുകളില്‍ താമസിക്കുന്ന അനില്‍ എന്ന വ്യക്തിയുടെ ഫ്‌ളാറ്റിനു നേരെയാണെന്നും തല്ലിത്തകര്‍ത്തത് അനിലിന്റെ ഭാര്യയുടെ വാഹനമാണെന്നുമാണ്. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് എം.എല്‍.എയുടെ വാഹനം തകര്‍ത്തെന്ന് റിപ്പബ്ലിക് ചാനലും റിപ്പബ്ലികിന്റെ ചുവടു പിടിച്ച് മനോരമ ന്യൂസും വാര്‍ത്ത നല്‍കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ബി.ജെ.പിയുടെ കേരളത്തിലെ ഏക എം.എല്‍.എയായ ഒ.രാജഗോപാലിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത് കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. രണ്ട് നില ബില്‍ഡിംഗിന്റെ താഴത്തെ നിലയിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. മുകളിലത്തെ നിലയില്‍ അനില്‍ എന്ന വ്യക്തിയും കുടുംബവുമാണ് താമസിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ അനിലിന്റെ മുറിയുടെ വാതിലില്‍ തട്ടി ബഹളമുണ്ടാക്കുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അനില്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ക്ഷുഭിതരായ സംഘം ജനലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് താഴെയെത്തിയ സംഘം പുറത്ത് നിര്‍ത്തിയിട്ടിരുന്ന അനിലിന്റെ ഭാര്യയുടെ കാര്‍ തല്ലി തകര്‍ത്തുകയായിരുന്നു. വീണ്ടും കല്ലുകളെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെയാണ് താഴത്തെ നിലയിലുള്ള രാജഗോപാലിന്റെ ഓഫീസിന്റെ ഡിസ്‌പ്ലെ ബോര്‍ഡും ജനല്‍ ചില്ലും തകരുന്നതും. പിന്നാലെ ആക്രമി സംഘം സ്ഥലം വിടുകയും ചെയ്തു.

സംഭവത്തിനു പിന്നില്‍ യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയ നീക്കവുമില്ലെന്ന് കരമന പൊലീസ് വ്യക്തമാക്കുന്നു. അനില്‍ പലരില്‍ നിന്നുമായി പണം കടമായി വാങ്ങിയിരുന്നുവെന്നും ഇതിലാരെങ്കിലുമാകാം ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പണമിടപാട് സംബന്ധിച്ച് അനിലിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ നിലനില്‍ക്കുന്നുമുണ്ടെന്നും പൊലീസ് പറയുന്നു.

ഈ സംഭവമാണ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റിയെതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് വന്ന ചാനല്‍ വാര്‍ത്തകളിലെല്ലാം രാജഗോപാല്‍ തകര്‍ന്ന കാറിന് അരികില്‍ നിന്ന് നടന്നത് വിശദീകരിക്കുന്നത് കാണാം. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തകര്‍ക്കപ്പെട്ടത് തന്റെ കാറാണെന്ന് പറയുന്നില്ല.

ആക്രമിക്കപ്പെട്ടത് ബി.ജെ.പിയുടെ എം.എല്‍.എയുടെ വാഹനമാണെന്ന് വാര്‍ത്ത നല്‍കിയതിനു പിന്നില്‍ ദേശീയ തലത്തില്‍ കേരളത്തെ കുറിച്ച് സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ വാര്‍ത്തയാക്കുകയെന്ന ലക്ഷ്യമാണ് റിപ്പബ്ലിക് ടി.വി സാധ്യമാക്കിയിരിക്കുന്നത്. ആര്‍.എസ്.എസ് പ്രചരണങ്ങളെ വാര്‍ത്തയാക്കി കേരളം പിടിക്കുകയാണ് റിപ്പബ്ലിക് ടി.വിയുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Also Read: ‘വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എം.എം മണി


uf മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബി.ജെ.പി ആരോപണങ്ങളെ തള്ളിയിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മല്ലെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആനവൂര്‍ നാഗപ്പനും വ്യക്തമാക്കിയിരുന്നു. ആക്രമണം നടത്തിയത് അനിലുമായി പണമിടപാടുണ്ടായിരുന്നവരുടെ ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement