എഡിറ്റര്‍
എഡിറ്റര്‍
കന്‍സാസില്‍ ഇന്ത്യന്‍വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് ട്രംപ്; വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം
എഡിറ്റര്‍
Wednesday 1st March 2017 9:43am

 

വാഷിങ്ടന്‍: യു.എസില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ് കോണ്‍ഗ്രസിലായിരുന്നു ട്രംപ് വധത്തില്‍ അപലപിച്ചത്.

കന്‍സാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വര്‍ഗീയ അതിക്രമങ്ങളില്‍ അപലപിക്കുന്നതായി ട്രംപ് പറഞ്ഞു. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം.

വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല. മുസ്ലിംകളെയും ക്രിസ്ത്യാനികളെയുമടക്കം എല്ലാ മതവിശ്വാസമുള്ളവരെയും ഐഎസ് കൊലപ്പെടുത്തി. മുസ്‌ലിം രാജ്യങ്ങളുടെ ഉള്‍പ്പടെ എല്ലാവരുടെയും സഹായത്തോടെ അവരെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് ഭീകരവാദത്തില്‍ നിന്നു രാജ്യത്തെ ക്ഷിക്കും. ഐഎസ് തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക പുതിയ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

സഖ്യകക്ഷികളുടെ സഹായത്തോടെ ഐഎസിനെ ഇല്ലാതാക്കും. മുസ്‌ലിം രാഷ്ട്രങ്ങളുടെ അടക്കം സഹായം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറിയ ശേഷം യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു.

ഏഴു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വീസ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്നും ട്രംപ് പറഞ്ഞു. പുതിയ വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. സ്വന്തം പൗരന്‍മാര്‍ക്ക് അമേരിക്ക പ്രഥമ പരിഗണന നല്‍കണം. അങ്ങനെയെങ്കില്‍ മാത്രമേ അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ സാധിക്കൂ എന്നും ട്രംപ് പറഞ്ഞു.

പ്രാഗല്‍ഭ്യം കുറഞ്ഞ തൊഴിലാളികളില്‍ നടപ്പിലാക്കുന്ന വീസ നിയന്ത്രണം പിന്നീട് മെറിറ്റ് അടിസ്ഥാനമാക്കിയാകും. കൂടുതല്‍ ശക്തമായ വീസ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ വേതന വര്‍ധനവ് അടക്കം നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും തൊഴില്‍ ഇല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനാണ്. അമേരിക്കക്കാര്‍ക്കു ജോലിയില്ലാതാക്കുന്ന കരാറുകളില്‍നിന്ന് പിന്മാറുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില്‍ പണിയും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ ചെലവില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ പുനര്‍നിര്‍മാണത്തിനുള്ള സമയമായി. പശ്ചിമേഷ്യയില്‍ ഇതുവരെ ചിലവഴിച്ച പണം അമേരിക്കയുടെ പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement